Advertisement

‘അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല-രാമാ, പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ’: കെആർ മീര

February 23, 2019
1 minute Read
kr meera fb post on bishop rape

ഭാവി സാഹിത്യ നായകർക്കുള്ള നിർദ്ദേശങ്ങളുമായി കെ.ആർ മീര. ഒരു പാർട്ടിയും സഹായത്തിന് വരില്ലെന്നും വായനക്കാർ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഓർക്കണമെന്ന് മീര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം. വി.ടി ബൽറാം എം.എൽ.എയെ പരോക്ഷമായി വിമർശിച്ചാണ് പോസ്റ്റ്.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാൻ വാഴത്തടയുമായി ചിലർ.എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താൻ മതചിഹ്നങ്ങളുമായി ചിലർ. ചോദ്യം ചെയ്താൽ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലർ. കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലർ.
പത്രം കത്തിക്കുകയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലർ എന്നും കെ. ആർ മീര പറഞ്ഞു.

ഇത്തരത്തിൽ വിമർശനങ്ങൾ വരുമ്പോൾ രണ്ട് മാർഗങ്ങളാണ് ഉള്ളതെന്നും ഒന്ന് മിണ്ടാതിരുന്ന് നല്ല കുട്ടിയാവുക എന്നും അല്ലെങ്കിൽ അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ എന്നു വാൽസല്യപൂർവ്വം ഉപദേശിക്കുക എന്നും മീരയുടെ പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ഭാവി- സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക-

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

-അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി -സാഹിത്യ നായികമാരേ,

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top