Advertisement

വീടുകളില്‍ ഇനി എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും മാത്രം; പദ്ധതിയുമായി കെഎസ്ഇബി

February 23, 2019
Google News 1 minute Read

സംസ്ഥാനത്തെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും മാത്രമാക്കാന്‍ പദ്ധതിയുമായി കെഎസ്ഇബി. സിഎഫ്എല്‍ ബള്‍ബുകളും ട്യൂബുകളും ഒഴിവാക്കി എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനവ്യാപകമായി നടത്തുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഊര്‍ജ്ജനഷ്ടം ഒഴിവാക്കുക എന്നതിനൊപ്പം സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി ആരംഭിക്കുന്നത്.

ആദ്യഘട്ടമായി 5 കോടി എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്യുക. ജൂണ്‍ അവസാനത്തോടെ ബള്‍ബുകള്‍ വിതരണം ചെയ്തു തുടങ്ങും. രണ്ടാം ഘട്ടത്തില്‍ 2.5 കോടി എല്‍ഇഡി ട്യൂബുകളും വീടുകളിലേക്കെത്തും. ബള്‍ബിന്റെയും ട്യൂബിന്റെയും ബുക്കിങിനായി മൊബൈല്‍ ആപ്പ് സജ്ജമാക്കുന്നുണ്ട്. കെഎസ്ഇബി വെബ്‌സൈറ്റിലും ഇതിനുള്ള സൗകര്യമൊരുക്കും. മീറ്റര്‍ റീഡര്‍മാര്‍ വഴിയോ സെക്ഷന്‍ ഓഫീസിലെത്തിയോ ബള്‍ബിനായി രജിസ്റ്റര്‍ ചെയ്യാം.

Read Also: സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായെന്ന് പി കരുണാകരന്‍ എം പി; പാര്‍ട്ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കി

എല്‍ഇഡി ട്യൂബുകളുടെ കാര്യത്തില്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബറില്‍ തുടങ്ങും. ട്യൂബുകളുടെ വിതരണം ഡിസംബറിന് മുന്‍പ് പൂര്‍ത്തിയാക്കാണ് പദ്ധതി. 2.5 കോടി എല്‍ഇഡി ബള്‍ബുകളാണ് പദ്ധതി വഴി വിതരണം ചെയ്യുക. ഈ പദ്ധതിയിലൂടെ അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും എല്‍ഇഡി ഒഴികെയുളള ബള്‍ബുകളും ട്യൂബുകളും ഒഴിവാക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ.

എല്‍ഇഡി ബള്‍ബുകളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ എല്‍ഇഡി വാങ്ങുമ്പോള്‍ അത്രയും എണ്ണം പഴയ ബള്‍ബുകള്‍ തിരികെ എടുക്കുകയും ചെയ്യും. പഴയ ബള്‍ബുകളും ട്യൂബുകളും സര്‍വീസ് ചാര്‍ജ് ഈടാക്കിയാകും ശേഖരിക്കുക. പിന്നീട് ഇവ പൊടിച്ച് ചില്ലും മെര്‍ക്കുറിയും വേര്‍തിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ജോലികള്‍ ടെന്‍ഡര്‍ വഴി വിവിധ കമ്പനികള്‍ക്ക് കൈമാറും. ഈ വര്‍ഷം അവസാനത്തോടെ 2.5 കോടി ട്യൂബുകള്‍ വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയില്‍ 9 വോള്‍ട്ടിന്റെ ഒരു എല്‍ഇഡി ബള്‍ബ് ഏകദേശം 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. 100 രൂപ മുതലാണ് വിപണിയില്‍ ഇപ്പോള്‍ ബ്രാന്‍ഡഡ് എല്‍ഇഡി ബള്‍ബുകളുടെ വില. ബള്‍ബ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍  പണം നല്‍കേണ്ടതില്ല. ഈ തുക പിന്നീട് ഗഡുക്കളായി വൈദ്യുതി ബില്ലിനൊപ്പം ഇടാക്കുകയാണ് ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here