രാജ്യത്തിന്റെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണെന്നും കശ്മീരികള്‍ക്കെതിരെ ആകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരികള്‍ക്കെതിരെയുള്ള ആക്രമങ്ങളില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
കശ്മീരിലെ ജനത തീവ്രവാദത്തിന്റെ ഇരകളാണ്. രാജ്യം കശ്മീരികളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ഇന്ത്യയെ വിഭജിപ്പിക്കുമെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ടോങ്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി കൈക്കൊള്ളണമെന്നാണ് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ അടിയന്തിര ഘട്ടങ്ങളില്‍ സഹായമെത്തിക്കണമെന്നും നോഡല്‍ ഓഫിസുകളിലെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് തൊട്ടുമുന്‍പ് കശ്മീരി പത്രപ്രവര്‍ത്തകന്‍ മഹാരാഷ്ട്രയില്‍ ആക്രമിക്കപ്പെട്ടിരുന്നു. സംഭവം പുറത്തറിഞ്ഞത് ഇന്ന് മാത്രമാണ്. കശ്മീര്‍ സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ ജിബ്രാന്‍ നസീറായിരുന്നു ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു.
കശ്മീരികള്‍ക്കെതിരെ വ്യാപക അക്രമങ്ങളുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പി ചിദംബരം രംഗത്തെത്തിയിരുന്നു. കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്നും അത് കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്നും ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തഥാഗത റോയി കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഇറക്കിവിടുന്ന അവസ്ഥയുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here