Advertisement

‘വിനീതനായി നില്‍ക്കുമ്പോള്‍ അവര്‍ നിങ്ങളെ ഭീരുക്കളായി കണക്കാക്കും’; ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം

February 26, 2019
Google News 3 minutes Read

പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം. ഹിന്ദി കവി രാമധാരി സിങിന്റെ ‘ദിനകര്‍’ എന്ന കവിതയിലെ വരികളാണ് സൈന്യം പങ്കുവെച്ചത്. ‘ശത്രുവിന് മുന്നില്‍ വിനീതരായി നില്‍ക്കുമ്പോള്‍ അവര്‍ നിങ്ങളെ ഭീരുക്കളായി കണക്കാക്കും, പാണ്ഡവരെ കൗരവര്‍ പരിഗണിച്ചതുപോലെ…, നിങ്ങള്‍ ശക്തരായിരുന്നാല്‍ മാത്രമേ വിജയിക്കാനുള്ള സാധ്യതയുണ്ടാകൂ’ ഈ വരികളാണ് സൈന്യം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ എഡിജിപി പബ്ലിക് ഇന്‍ഫര്‍മേഷന്‍ വിഭാഗമാണ് കവിത പങ്കുവെച്ചത്. ഓള്‍വെയ്‌സ് റെഡി എന്ന ഹാഷ് ടാഗോടെയാണ് സൈന്യം കവിത പങ്കപവെച്ചത്.

ഇന്ന് പുലര്‍ച്ചെ 3.30 നാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചു. ഇതിന് പിന്നാലെ തിരിച്ചടി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ത്യ തകര്‍ത്ത ബാലക്കോട്ടിയെ ഭീകര സംഘടന ക്യാമ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പടിക്കെട്ടില്‍ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ പതാക വരച്ചിട്ടുണ്ട്. എ കെ 47 റൈഫിളുകളും വെടിക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

അതേസമയം, ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി രാജസ്ഥാനില്‍ ജനങ്ങളെ അബിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here