ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടു

ഇന്ത്യ ഇന്ന് നടത്തിയ പ്രിസിഷൻ സ്‌ട്രൈക്കിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. യൂസഫ് അസർ ബാലാകോട്ട് ക്യാമ്പിന്റെ ചുമതലക്കാരനായിരുന്നു. കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രതിയാണ് കൊല്ലപ്പെട്ട യൂസഫ് അസർ.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായുള്ള പ്രത്യാക്രമണം തുടങ്ങിയത്. ബലാകോട്ടിൽ ഇന്ന് പുലർച്ചെ 3.45 നും, മുസാഫറാബാദിൽ 3.48നും, ചകോതിയിൽ 3.58നുമായിരുന്നു ആക്രമണം.
Read Also : Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്
വ്യോമസേന 12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഭീകരക്യാമ്പുകൾ തകർക്കാനായി ഉപയോഗിച്ചത്. മിറാഷ് 2000 എയർക്രാഫ്റ്റ് വിമാനം 1000 കിലോഗ്രാം ബോംബുകളാണ് തീവ്രവാദ മേഖലകളിൽ വർഷിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ കണ്ട്രോൾ റൂമുകൾ, പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങൾ എന്നിവ തകർക്കാൻ ഇന്ത്യയ്ക്കായി. ചകോതി, മുസഫറാബാദ് എന്നിവടങ്ങളിലെ ഭീകര ക്യാമ്പുകളും തകർത്തു.
21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് ഇന്നത്തെ പ്രത്യാക്രമണ്തതിൽ തകർന്നത്. ആക്രമണത്തിൽ ജെയ്‌ഷെ കമാൻഡർമാരടക്കം കൊല്ലപ്പെട്ടു.
അതേസമയം, ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിനെ പാകിസ്ഥാൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയില് ചികിത്സയിലായിരുന്ന മസൂദിനെ കൂടുതൽ സുരക്ഷിതമായ ബഹവൽപൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് വിവരം.
ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കരസേന മേധാവിയുമായി ചർച്ചകൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ത്യൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് പാക് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here