Advertisement

കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

February 27, 2019
Google News 5 minutes Read

പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍
ആരംഭിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ ജമ്മു-പത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സേനാനീക്കം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍.

അതേ സമയം ഡല്‍ഹിയില്‍ സേനാ മേധാവികളും ആഭ്യന്തരമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റു പരിപാടികളെല്ലാം ഒഴിവാക്കി ഓഫീസിലെത്തിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കര,നാവിക,വ്യോമ സേനകളുടെ മേധാവിമാരുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ആഭ്യന്തരമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി
കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

രാവിലെ അതിര്‍ത്തി ലംഘിച്ച് എത്തിയ പാക്കിസ്ഥാന്‍ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഉന്നത സൈനിക മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു. തിരിച്ചടിയ്ക്കാന്‍ എല്ലാ ഒരുക്കളും ഇന്ത്യ നടത്തിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ അതിര്‍ത്തിയിലേക്ക് വിന്യസിക്കാനും തീരുമാനമെടുത്തതായാണ് വിവരം.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചു കഴിഞ്ഞു. ഇവിടെ നിന്നുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. വ്യോമസേനയുടെ നീക്കങ്ങള്‍ക്കു മാത്രമായി ഈ വിമാനത്താവളങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ്. വ്യോമസേനയുടെ വിമാനങ്ങളുടെ സുഗമമായ നീക്കത്തിനു വേണ്ടിയാണ് നടപടി. അമൃത്‌സര്‍,ജമ്മു,ലേ,ശ്രീനഗര്‍,ചണ്ഡീഗഡ്,ഡെറാഡൂണ്‍, ഹിമാചല്‍ വിമാനത്താവളങ്ങളാണ് അടച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here