Advertisement

‘ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിച്ചാലോ എന്നുവരെ തോന്നിയിട്ടുണ്ട്’; സിനിമാ സ്വപ്‌നം നെഞ്ചേറ്റുന്നവർ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അരവിന്ദ് പിന്നിട്ട വഴികൾ അറിയണം

February 28, 2019
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

– അരവിന്ദ് മന്മഥൻ / ബിന്ദിയ മുഹമ്മദ്

പുതുമുഖങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങിയത്. നടൻ ജയസൂര്യയെ ഒഴിച്ച് നിർത്തിയാൽ മികച്ച നടൻ (സൗബിൻ), നടി, സംവിധായകൻ അടക്കമുള്ള അവാർഡുകളെല്ലാം വാരിക്കൂട്ടിയത് മലയാള സിനിമയിൽ ഏതാനും വർഷത്തെ മാത്രം പരിചയസമ്പത്തുള്ള നവാഗതരാണ്. എന്നാൽ ഇക്കൂട്ടത്തിൽ തന്റെ ആദ്യ ചുവടുവെപ്പിൽ തന്നെ സംസ്ഥാന അവാർഡ് നേടിയതിന്റെ അംബരപ്പിൽ ഇരിക്കുകയാണ് തിരുവനന്തപുരം തിരുമല സ്വദേശി അരവിന്ദ് മന്മഥൻ.

ഒരു ഞായറാഴ്ച്ച എന്ന ശ്യാമപ്രസാദിന്റെ ചിത്രത്തിലെ എഡിറ്റിംഗിന് മികച്ച എഡിറ്റർക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരിക്കുകയാണ് അരവിന്ദ് മന്മഥൻ എന്ന 26 കാരന്. ചിത്രത്തിലെ വൈകാരിക സംഘർഷങ്ങൾക്ക് താളഭംഗി പകരുന്ന ദൃശ്യസന്നിവേശ മികവാണ് അരവിന്ദിനെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ജ്യൂറി അറിയിച്ചു.

സിനിമാ മോഹൻ അരവിന്ദിന്റെ ഉള്ളിൽ പണ്ടുതൊട്ടേയുണ്ട്. അഭിനയ മോഹവും, സംവിധായകനാകണമെന്ന മോഹവും എല്ലാം ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും വിധി അരവിന്ദിനെ എത്തിച്ചത് എഡിറ്റിംഗ് മേഖലയിലേക്കാണ്…

ചെറുപ്പം മുതലേ അഭിനയ മോഹമായിരുന്നു ഉള്ളിൽ നിറയെ. ചേട്ടൻ ആനന്ദ് മന്മഥൻ അഭിനേതാവാണ്. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ‘വൈ’, അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഹിമാലയത്തിലെ കശ്മലൻ എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത വ്യക്തിയാണ് ആനന്ദ്. ചേട്ടന്റെ അഭിനയ മോഹം കണ്ടാണ് സിനിമ എന്തെന്ന് അറിയുന്നതും എനിക്കും അഭിനയിക്കാൻ തോന്നുന്നതും.

സിനിമയെ കൂടുതൽ അറിഞ്ഞപ്പോഴാണ് ക്യാമറയ്ക്ക് പിന്നിലെ നിരവധി മേഖലകളെ കുറിച്ച് പഠിക്കുന്നത്. പിന്നീട് സംവിധായകനാകണമെന്ന് തോന്നി. അതിന് മുമ്പ് ടെക്‌നിക്കലി കുറച്ച് അറിവ് വേണമെന്ന തോന്നലാണ് എഡിറ്റിങ്ങിലേക്ക് എത്തിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് നിർമ്മിച്ച ഷോർട്ട് ഫിലിമുകൾ എഡിറ്റ് ചെയ്താണ് തുടക്കം.

തുടക്കകാലത്ത് യൂട്യൂബ് നോക്കിയാണ് അരവിന്ദ് എഡിറ്റിംഗ് പഠിക്കുന്നത്. എഡിറ്റിംഗ് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുക എന്നത് വളരെ ചെലവേറിയ ഒന്നായതുകൊണ്ട് പഠനമെല്ലാം സ്വയമായിരുന്നു. ഓൺലൈനിൽ ലഭ്യമായിരുന്ന ഫ്രീ സോഫ്‌റ്റ്വെയർ ഡൗൺലോഡ് ചെയ്തും മറ്റുമാണ് പഠനം തുടങ്ങിയത്.

ഒരു ഞായറാഴ്ച്ചയിലേക്ക് എത്തിയത്…

കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് അപ്പു ഭട്ടതിരിയുടെ അസിസ്റ്റന്റാണ് ഞാൻ. സംവിധായകൻ ശ്യാമപ്രസാദിന്റെ അസോസിയേറ്റായിരുന്നു റിത്വിക് ബൈജു വഴിയാണ് ‘ഒരു ഞായറാഴ്ച്ച’ എന്ന ചിത്രത്തിലേക്ക് ഞാൻ എത്തുന്നത്.

ശ്യാമപ്രസാദ് പോലൊരു സംവിധായകന്റെ ചിത്രം എഡിറ്റ് ചെയ്യാൻ ലഭിച്ചത് തന്നെ വലിയൊരു അവസരമായാണ് കാണുന്നത്. ഒരു തുടക്കക്കാരനായിരിക്കെ ഇത്തരമൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുക എന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ കൂടെ നിന്ന് അദ്ദേഹത്തിന്റെ മനസ്സിലെ സിനിമ എങ്ങനെയാണെന്നൊക്കെ അടുത്തറിയാൻ പറ്റി. നല്ല എക്‌സ്പീരിയൻസായിരുന്നു അത്.

ആദ്യ സിനിമയ്ക്ക് തന്നെ അവാർഡ് കിട്ടിയപ്പോൾ..

അവാർഡ് ലഭിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒരു തുടക്കക്കാരനെന്ന നിലയിൽ അവാർഡ് എന്നത് ഒരു വിദൂര സ്വപ്‌നമായിരുന്നു. സിനിമാ മേഖലയിൽ നിലയുറപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അവാർഡ് എന്നത് മനസ്സിൽ പോലും ഇല്ലായിരുന്നു. അവാർഡ് ലഭിക്കുന്നതിനെ കുറിച്ചെല്ലാം സ്വപ്‌നം കാണുമായിരുന്നുവെങ്കിലും
ഇത്രവേഗം  അത്‌  നിറവേറുമെന്ന് വിചാരിച്ചതേയില്ല. അതുകൊണ്ട് തന്നെ അവാർഡ് ലഭിച്ചുവെന്ന വാർത്ത കേട്ടപ്പോൾ ശരിക്കും ഷോക്കായി പോയി.

അനിയന് അവാർഡ് കിട്ടിയ സന്തോഷത്തിൽ ചേട്ടൻ ആനന്ദ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലായിരുന്നു. ‘ അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ.. പിഎസ്‌സി എഴുതി നടന്നിരുന്നേൽ സ്റ്റേറ്റ് അവാർഡ് വീട്ടിൽ വരുമായിരുന്നോ ?’

അതെ…ഏതൊരു മിഡിൽ ക്ലാസ് കുടുംബത്തെയും പോലെ ഒരു സർക്കാർ ജോലി നേടാൻ വീട്ടിൽ അച്ഛനും അമ്മയും പറയുമായിരുന്നു. എഡിറ്റിംഗും സിനിമാ സ്വപ്‌നവുമെല്ലാം സൈഡ് ട്രാക്കിലൂടെ നീങ്ങുന്നുണ്ടായിരുന്നുവെങ്കിലും ബികോം കഴിഞ്ഞ നിരവധി പിഎസ്‌സി പരീക്ഷകൾ പോയി എഴുതിയിട്ടുണ്ട്. സമപ്രായക്കാരെല്ലാം പഠിച്ച് ജോലിയൊക്കെ നേടി സെറ്റിലായി തുടങ്ങി, ഞാൻ മാത്രം സിനിമയുടെ പിറകെ നടന്ന് എവിടേയും എത്തുന്നുമില്ല..എഴുതുന്ന പരീക്ഷകളിൽ വിജയിക്കുന്നുമില്ല…അങ്ങനെ ഒരു ഘട്ടത്തിൽ സിനിമ വിടണമെന്ന് വരെ തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയെന്ന സ്വപ്‌നം മനസ്സിൽ നിന്ന് അത്രയിറക്കിവിടാൻ ശ്രമിച്ചാലും പൂർവ്വാധികം ശക്തിയോടെ തിരിച്ച് മനസ്സിലേക്ക് കടന്നുകയറും.

സിനിമയിൽ കരകയറാൻ സാധിക്കുമോ എന്ന ആശങ്ക വീട്ടിലുണ്ടായിരുന്നു. എന്നാൽ ഈ മേഖല തനിക്ക് പറ്റുമെന്ന് വിജയിക്കാമെന്നും അവാർഡ് കിട്ടിയതോടെ വീട്ടുകാർക്ക് ബോധ്യമായി. അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ വീട്ടിലും ഭയങ്കര സന്തോഷമായി. സിനിമയിലേക്ക് വരുന്നതിനൊക്കെ വീട്ടിൽ ചെറിയ രീതിയിൽ എതിർപ്പുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇല്ല. (ഇത് പറയുമ്പോൾ അരവിന്ദ് ചിരിക്കുകയായിരുന്നു).

                                                                   അരവിന്ദിനെ പോലെ നിരവധി ചെറുപ്പക്കാരുണ്ട് നമുക്ക് ചുറ്റും. സിനിമാ സ്വപ്‌നം നെഞ്ചിലേറ്റി, സർക്കാർ ജോലിക്ക് ശ്രമിക്കാത്തതിൽ വീട്ടിൽ നിന്നും സധാ വഴക്കു കേൾക്കുന്ന…താൻ തെരഞ്ഞെടുത്ത വഴി ശരിയാകുമോ എന്ന് ആശങ്കപ്പെടുന്ന..നിരവധി പേർ. അത്തരക്കാർക്ക് അരവിന്ദ് ഒരു പ്രചോദനമാണ്.

നാം തീവ്രമായി ഒരു കാര്യ ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും. പറയുന്നത് ക്ലീഷേയാണ്…പക്ഷേ ഈ ഡയലോഗ് ഇവിടെ ഉപയോഗിച്ചില്ലെങ്കിൽ വേറെ എവിടെ ഉപയോഗിക്കണം ?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement