Advertisement

സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമം വേണ്ട; ചര്‍ച്ച് ആക്ട് ബില്ലിനെതിരെ ക്രൈസ്തവ സഭകളുടെ സംയുക്ത സമ്മേളനം

February 28, 2019
Google News 0 minutes Read

സഭാ സ്വത്തിന്മേല്‍ കൈകടത്താനുള്ള നിക്ഷിപ്ത താല്‍പര്യമാണ് ചര്‍ച്ച് ആക്ട് ബില്ലിനു പിന്നിലെന്ന് ക്രൈസ്തവ സഭകളുടെ സംയുക്ത സമ്മേളനം. സഭാ സ്വത്തുക്കള്‍ കൈാര്യം ചെയ്യാന്‍ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നും ബില്ല് പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എട്ട് ക്രൈസ്തവ സഭ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചങ്ങനാശ്ശേരിയില്‍ സഭാ നേതൃത്വങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്.

ചര്‍ച്ച് ആക്ട് ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വൈരുദ്ധ്യാത്മക നിലപാടാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭകളുടെ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ബില്ല് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടത്. ബില്ലിനു പിന്നില്‍ സഭാ സ്വത്തുക്കളില്‍ കൈകടത്താനുള്ള നിക്ഷിപ്ത താല്‍പര്യമാണെന്നും ആരോപണമുയര്‍ന്നു.

ഭരണഘടന മതങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളില്‍ കടന്നു കയറാനുള്ള നീക്കമാണ് ബില്ലിനു പിന്നിലെന്നും സമ്മേളനം ആരോപിച്ചു. ഇത്തരം നിയമ നിര്‍മാണങ്ങളെ വിശ്വാസി സമൂഹം ചെറുക്കണമെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം വ്യ്കതമാക്കണമെന്നും സഭകള്‍ ആവശ്യപ്പെട്ടു.

ബില്ല് പൂര്‍ണമായി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് യോഗത്തിന്റെ തീരുമാനം. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലത്തീന്‍, സീറോ മലങ്കര, ഓര്‍ത്തഡോക്സ്, ക്നാനായ, സിഎസ്ഐ, യാക്കോബായ സഭാ പ്രതിനിധികള്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here