‘പള്ളികൾ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭക്ക്; സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ല’; കടുപ്പിച്ച് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭായാകാമെന്നത് ചിലരുടെ ദിവാസ്വപ്നമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പള്ളികൾ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു. സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ലെന്നും കാതോലിക്ക ബാവ വ്യക്തമാക്കി
മലങ്കരസഭയുടെ പള്ളികൾ കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകും. യാക്കോബായ കാതോലിക്കായ്ക്ക് ഒരു ബിഷപ്പിനെ വാഴിക്കണമെങ്കിൽ പാത്രിയർക്കീസിന്റെ അനുമതി വേണം. എന്നാൽ മലങ്കരസഭയുടെ കാതോലിക്കയ്ക്ക് അതിന് ആരുടെയും അനുമതി ആവശ്യമില്ല. ഇതാണ് പൗരസ്ത്യ കാതോലിക്കായും യാക്കോബായ കാതോലിക്കായും തമ്മിലുള്ള വ്യത്യാസമെന്ന് കാതോലിക്ക ബാവ പറഞ്ഞു.
വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി മാധ്യമവാർത്തകൾ കണ്ടു. സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. ചർച്ച് ബിൽ വന്നാൽ ആ ബിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.
ബില്ലിന്റെ പേരിൽ ആശങ്കപ്പെടുന്നില്ലെന്ന് കാതോലിക്ക ബാവ പറഞ്ഞു. നൂറ്റാണ്ടുകളായി പീഡനങ്ങൾ സഹിച്ചാണ് സഭ വളർന്നിട്ടുള്ളത്. പ്രീണിപ്പിക്കാനും, പീഡിപ്പിക്കാനും ചിലർക്ക് സാധിച്ചേക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിച്ചല്ല മലങ്കരസഭ നിൽക്കുന്നത്. ഏത് രാഷ്ട്രീയപാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ലെന്നും കാതോലിക്കാബാവാ വ്യക്തമാക്കി.
Story Highlights : Orthodox Church hardens stance on church dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here