ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നു; സംഝോത എക്‌സ്പ്രസ് നിര്‍ത്തുന്നതായി പാക്കിസ്ഥാന്‍

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി പാക്കിസ്ഥാന്‍. മുന്നറിയിപ്പില്ലാതെയാണ് പാക്കിസ്ഥാന്റെ നടപടി. ഇതോടെ ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി.

ആഴ്ചയില്‍ രണ്ട് ദിവസം ഇന്ത്യക്കും പാക്കിസ്ഥാനും ഇടയും സര്‍വീസ് നടത്തുന്ന ട്രെയിനാണ് സംഝോത എക്‌സ്പ്രസ്. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി പാക് ചാനലായ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കുള്ള സംഝോത എക്‌സ്പ്രസ് ബുധനാഴ്ച രാത്രി പുറപ്പെട്ടിരുന്നു. ഈ സര്‍വീസ് നിലവില്‍ അട്ടാരിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ കുടുങ്ങിയ യാത്രക്കാരെ ബസില്‍ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രനമന്ത്രിസഭ വൈകീട്ട് ഏഴിന് യോഗം ചേരും. പാക് പിടിയിലുള്ള വിമാനികന്‍ അഭിനന്ദനെ മോചിപ്പിക്കാനുള്ള നീക്കം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തില്‍ തന്നെ ഇന്ത്യ ഇടപെട്ടിരിക്കുകയാണ്. അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ ഇന്ത്യയിലെത്തിക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍ അടക്കം ആവശ്യപ്പെടുകയാണ്. പാക്കിസ്ഥാന് അകത്തുതന്നെ ഒരു വലിയ വിഭാഗം ഇതിന് അനുകൂലമാണ്. സുല്‍ഫിക്കര്‍ അലിയുടെ കൊച്ചുമകളായ സാഹിത്യക്കാരി ഫാത്തിമ ഭൂട്ടോ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top