ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? ഈ ചോദ്യം ചോദിച്ച നടി നീരജ് മാധവിന്റെ സിനിമയില്‍

ka film

പട്ടണ പ്രവേശം എന്ന സിനിമയില്‍ ശ്രീനിവാസനോട് ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച നടിയെ ഓര്‍മ്മയില്ലേ? പഴയകാല നടി ആളൂര്‍ എല്‍സിയായിരുന്നു അവര്‍. ആളൂര്‍ എല്‍സി സിനിമകളില്‍ അവസരം തേടി നടക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിനിമയില്‍ നിന്ന് അപ്രത്യക്ഷയായെങ്കിലും ട്രോളുകളില്‍ ഇന്നും താരമാണ് എല്‍സി. പട്ടണപ്രവേശത്തിലെ ആ ഹിറ്റ് സീന്‍ തന്നെയാണ് ട്രോളന്മാര്‍ ഉപയോഗിക്കുന്നതും.

‘ക’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകനാണ് എല്‍സി അവസരങ്ങള്‍ തേടി നടക്കുകയാണെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ സിനിമയുടെ സെറ്റില്‍ തന്നെയാണ് എല്‍സി ചാന്‍സ് ചോദിച്ച് എത്തിയത്.  ഇതിന് പിന്നാലെ ഈ  സിനിമയില്‍ തന്നെ ആളൂര്‍ എല്‍സിയ്ക്ക് അവസരം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ക’ സിനിമയിലെ നായകന്‍ കൂടിയായ നീരജ് മാധവാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയത്.

എല്‍സി സെറ്റിലെത്തി മടങ്ങിയത് അറിഞ്ഞതോടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും നിര്‍ദേശിച്ചത് അനുസരിച്ച് എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കുകയായിരുന്നുവെന്ന് നീരജ് മാധവ് ഫെയ്സ് ബുക്കില്‍ കുറിച്ചു.

പട്ടണ പ്രവേശത്തെ കൂടാതെ പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, ഇത്രയും കാലം, പൊന്മുട്ട ഇടുന്ന താറാവ്, നീലഗിരി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അർഹത, ഒരു പ്രത്യേക അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കാതെയായപ്പോഴാണ് താരം അവസരങ്ങള്‍ തേടിയിറങ്ങിയത്.

നീരജ് മാധവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ…??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂർ എൽസി.

ട്രോളന്മാർ മുഴുവൻ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടർ ഫ്ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

ഇന്നു ചേച്ചി വീണ്ടും സെറ്റിൽ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ ഇവിടെ അരിസ്റ്റോ ജംക്‌ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. പക്ഷെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ല. ഇന്നു ‘ക’യിൽ ഒരു വേഷം നൽകാമെന്ന് നേരിട്ട് പറയുമ്പോൾ ആ കണ്ണുകളില്നിറഞ്ഞ സന്തോഷം ഞാൻ കണ്ടു.എൽസി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top