ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ, വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ

മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ വ്യവസായത്തെ പിടിച്ചുലച്ചു. ക്വട്ടേഷൻ ബലാൽസംഗം മുതൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുള്ള ബലാൽസംഗംവരെയുള്ള നിരവധി കേസുകൾ സിനിമാ വ്യവസായത്തിന് തിരിച്ചടിയായി. സിനിമ വിവിധ പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുമ്പോഴെല്ലാം മറ്റൊരു വിവാദം സിനിമയിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് പതിവ്. ഒന്നിന് പിറകെ മറ്റൊരു വിവാദം സിനിമയുമായി ഉയരും.
ലഹരി കേസിൽ സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റ് ചെയ്യപ്പെട്ടതോടെ വലിയ നാണക്കേടിലാണിപ്പോൾ മലയാള സിനിമ. ഏറെനാളായി സംശയത്തിന്റെ നിഴലിൽ കഴിയുന്ന മറ്റു സിനിമാ താരങ്ങളും അറസ്റ്റുഭയന്നു കഴിയുകയാണ്. പത്തോളം യുവതാരങ്ങൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്. ചിലർക്കെതിരെ പിടിയിലായ ലഹരി ബിസിനസുകാരുടെ മൊഴികളും നിലവിലുണ്ട്. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വൻകിട രാസലഹരികളാണ് കൊച്ചിയിൽ എത്തുന്നത്. ഇതിൽ ഏറെയും സിനിമാരംഗത്തുള്ളവരാണ് ഉപഭോക്താക്കളെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. സിനിമയിലെ രാസലഹരി നിയന്ത്രിക്കാൻ ഇടപെടണമെന്ന് നിർമാതാക്കളുടെ സംഘടന പലപ്പോഴായി ആവശ്യമുന്നയിച്ചിരുന്നു.
ഇത് ആദ്യമായല്ല ഷൈൻ ലഹരികേസിൽ അറസ്റ്റിലാവുന്നത്. പത്തുവർഷം മുൻപ് 2015 ജനുവരി 30 ന് രാത്രി കൊച്ചി കടവന്ത്രയിലെ ഒരു ഫ്ളാറ്റിൽ നടന്ന കൊക്കെയ്ൻ പാർട്ടിക്കിടെയാണ് ഷൈൻ ടോം ചാക്കോ പൊലീസിന്റെ പിടിയിലാവുന്നത്. ഷൈൻ ടോം ചാക്കോ ഒരു നടൻ എന്ന നിലയിൽ വളർന്നു വരുന്ന കാലമായിരുന്നു അത്. മോഡലുകളായ ടിൻസി ബാബു, സ്‌നേഹ ബാബു, രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ എന്നിവരാണ് അന്ന് ഷൈൻ ചാക്കോയ്‌ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. തെളിവുകളുടെ അഭാവത്തിൽ ഇവരെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി വെറുതെ വിടുകയായിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി കോടതിതന്നെ വിലയിരുത്തിയിരുന്നു. ആദ്യ ലഹരികേസിൽ നിന്നും രക്ഷപ്പെട്ട് കൃത്യം രണ്ടുമാസത്തിനിടയിലാണ് രണ്ടാമത്തെ ലഹരികേസിൽ ഷൈൻ ടോംചാക്കോ അകപ്പെടുന്നത്. നിരവധി വിവാദങ്ങളിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ടുവെങ്കിലും മലയാള സിനിമയിൽ തിരക്കുള്ള നടന്മാരിൽ പ്രമുഖനായി ഷൈൻ മാറിയതോടെ കേസിൽ കൂടുതൽ നടപടികൾ നേരിട്ടിരുന്നില്ല.
Read Also: എത്ര ഓടിയിട്ടും വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍
കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ ഹോട്ടലിൽ ഡാൻസാഫ് നടത്തിയ പരിശോധയ്ക്കിടയിലാണ് നടൻ കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയും ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും ഓടിയും മറ്റും അതിസാഹികമായ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട നടനെ പൊലീസ് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് നടനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഷൈൻ ടോം ചാക്കോ അറസ്റ്റു ചെയ്യപ്പെട്ട സംഭവം ദേശീയതലത്തിൽ ചൂടേറിയ വാർത്തയായി മാറിയതോടെ മലയാള സിനിമയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന നടനാണ് ഷൈൻ ടോം ചാക്കോ. മലയാള സിനിമാമേഖയിൽ കുറച്ചുകാലമായി നിർമ്മാതാക്കൾ ഉന്നയിക്കുന്ന പ്രധാന ആരോപണമായിരുന്നു താരങ്ങളുടെ വർധിച്ചുവരുന്ന ലഹരി ഉപയോഗം.
താൻ രാസലഹരിയോ, മറ്റു നിരോധിത മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഷൈൻ ചോദ്യം ചെയ്യലിൽ ആദ്യഘട്ടത്തിൽ മൊഴി നൽകിയിരുന്നത്. എന്നാൽ നടത്തിയ ഇടപാടുകളുടേയും പരസ്പരം കൈമാറിയ രഹസ്യസ്വഭാവമുള്ള മെസേജുകളും ഡിജിറ്റൽ തെളിവുകളും ഷൈനിനെതിരായിമാറുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ്. ഈമാസം ആദ്യം ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കമുള്ള സംഘം പിടിക്കപ്പെട്ടതോടെയാണ് സിനിമാ താരങ്ങളായ ഷൈൻടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആരോപണവിധേയരാവുന്നത്. ഇവരുമായി നേരിട്ട് ലഹരി ഇടപാടുകൾ നടത്തിയിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഷൈൻ ടോം ചാക്കോയടക്കമുള്ള താരങ്ങളെ നിരീക്ഷിച്ചുവരികയായിരുന്നു.
ഷൈൻ ടോം ചാക്കോയെ അനാവശ്യമായി വേട്ടയാടുന്നുവെന്നായിരുന്നു വീട്ടുകാരുടെ പരാതി. ഇതിനിടയിലാണ് വീണ്ടും ഒരു ലഹരികേസിൽ ഷൈൻ അറസ്റ്റിലാവുന്നത്. ഇതിനിടയിൽ ലൊക്കേഷനിൽവച്ച് സഹതാരത്തോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയരുന്നത്. സിനിമയിലെ വർധിച്ചുവരുന്ന ലഹരിയുപയോഗവും സിനിമയിലെ വനിതാ പ്രവർത്തകർക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളും നിയന്ത്രിക്കാൻ ശക്തമായ നടപടികളായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പ്രധാന ശുപാർശ. എന്നാൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലുണ്ടായ കാലതാമസവും, സിനിമാ നയം പ്രഖ്യാപിക്കുന്നത് നീണ്ടുപോയതും പലർക്കും അനുകൂലമാവുകയായിരുന്നു.
ഷൈൻ ടോം ചാക്കോ അറസ്റ്റു ചെയ്യപ്പെട്ടതോടെ വീണ്ടും മലയാള സിനിമയിൽ ലഹരിമണം ശക്തമായി. പ്രതിസന്ധിയിലായ മലയാള സിനിമയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കയാണ് ലഹരി കേസുകൾ. വിവിധ ലഹരികേസുകളിൽ അന്വേഷണം ശക്തമാക്കുകയും നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്താ്ൽ അത് സിനിമാ മേഖലയിൽ പ്രതിസന്ധി വർധിപ്പിക്കും.
Story Highlights : Malayalam cinema continues to be plagued by controversies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here