12 വയസില്‍ പാക്ക് പതാക എഫ്ബി പ്രൊഫൈലാക്കി; പുല്‍വാമയ്ക്ക് പിന്നാലെ അറസ്റ്റിലായ കശ്മീരി വിദ്യാര്‍ത്ഥി ഇപ്പോഴും ജയിലില്‍

പന്ത്രണ്ട് വയസില്‍ പാക്ക് പതാക ഫെയ്‌സ്ബുക്ക് പ്രൊഫൈലാക്കിയതിന്റെ പേരില്‍ പുല്‍വാമ ആക്രമണത്തിന് പിന്നാലെ അറസ്റ്റു ചെയ്ത കശ്മീരി വിദ്യാര്‍ത്ഥി പുറത്തുവരാന്‍ കഴിയാതെ ഇപ്പോഴും ജയിലില്‍. ഹിമാചല്‍പ്രദേശിലെ സൊളാനിലുള്ള വൈഎസ് പാര്‍മര്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറസ്ട്രി ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ റസൂലിനെയാണ് ഫെബ്രുവരി 17ന് ഹിമാചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റസൂലിന് വേണ്ടി അഭിഭാഷകര്‍ ഹാജരാകാന്‍ തയ്യാറാകുന്നില്ല.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ റസൂലിനെതിരെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദേശവിരുദ്ധ, പാകിസ്താന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് റസൂലിനെ അറസ്റ്റ് ചെയ്തത്.
ഐപിസി സെക്ഷന്‍ 153 പ്രകാരം കലാപത്തിന് പ്രേരണ നല്‍കുന്നതടക്കമുള്ള കുറ്റങ്ങളാണ് റസൂലിനെതിരെ ചുമത്തിയിരിക്കുന്നത്. റസൂലിന് ജാമ്യത്തിനായി കുടുംബം കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയിലെ അഭിഭാഷകര്‍ തടഞ്ഞു. ഒരു അഭിഭാഷകനേയും റസൂലിന് വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ അനുവദിക്കുന്നില്ലെന്നാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസും സര്‍വകലാശാല അധികൃതരും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 17 മുതല്‍ ജയിലിലുള്ള റസൂലിന് 27ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിചാരണ കോടതിയെ വീണ്ടും സമീപിക്കാനാണ് ആവശ്യപ്പെട്ടത്. മാര്‍ച്ച് ഒന്നിന് സൊളാന്‍ ജില്ലാ കോടതി ജാമ്യം നല്‍കി. റസൂലിനെതിരായ കോടതിനടപടികള്‍ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here