സീറ്റ് നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി ജെ ജോസഫ്

സീറ്റ് നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്. സീറ്റ് ആവശ്യപ്പെട്ടിരുന്നു. ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇടുക്കി, കോട്ടയം, ചാലക്കുടി സീറ്റുകളില്‍ ഏതില്‍ മത്സരിക്കാനും തയ്യാറാണെന്നും പി ജെ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അതേസമയം, ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കാമെന്നായിരുന്നു കെ എം മാണി പറഞ്ഞത്.
കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നിര്‍ണ്ണായക ഉഭയകക്ഷി ചര്‍ച്ച ഇന്ന് എറണാകുളത്താണ് ചേരുക. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ പി ജെ ജോസഫ് ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. കേരള കോണ്‍ഗ്രസിന് ഒരു സീറ്റു കൂടി നല്‍കാന്‍ സാധിക്കില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ രണ്ട് സീറ്റെന്ന ആവശ്യം കേരള കോണ്‍ഗ്രസ് വീണ്ടും ഉന്നയിക്കും. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ അനുവദിക്കുകയാണെങ്കില്‍ അത് സീറ്റ് വിഭജയം സംബന്ധിച്ച യുഡിഎഫിലെ ചര്‍ച്ചകള്‍ നീളാന്‍ ഇടയാക്കും. മൂന്ന് സീറ്റുകള്‍ വേണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ച സാഹചര്യവും യുഡിഎഫിന് പരിഗണിക്കേണ്ടിവരും.
അതേസമയം, സീറ്റ് ചോദിച്ച ജോസഫിന്റെ ആവശ്യം ന്യായമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി ജെ ജോസഫിന് ആശംസകളെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here