ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം ചെയ്യാന്‍ സമ്മര്‍ദ്ദം, പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയും കുടുംബാംഗങ്ങളും മാധ്യമങ്ങളെ കണ്ടു

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജം. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ പങ്ക് കിട്ടുന്നതിനാണ് ഈ നീക്കമെന്ന തരത്തിലാണ് വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നത്.
ReadAlso: പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത
പുല്‍വാമയിലെ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ എച്ച് ഗുരുവിന്റെ ഭാര്യ കലാവതിയാണ് വ്യാജവാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കലാവതിയും ഗുരുവിന്റെ അമ്മയും സഹോദരിയും അടക്കമുള്ളവരെത്തിയാണ് മാധ്യമങ്ങളെ കണ്ടത്.
കര്‍ണ്ണാടക സര്‍ക്കാര്‍ 25ലക്ഷം രൂപയാണ് ഗുരുവിന്റെ കുടുംബത്തിന് പ്രഖ്യാപിച്ചത്. ഇന്‍ഫോസിസ് 10ലക്ഷം രൂപയും സുമലത അരഏക്കര്‍ ഭൂമിയും സഹായമായി പ്രഖ്യാപിച്ചിരുന്നു. പത്ത് മാസം മുമ്പാണ് ഗുരുവും കലാവതിയും വിവാഹം കഴിച്ചത്. അവധിയ്ക്ക് നാട്ടിലെത്തിയ ഗുരു ആക്രമണം നടക്കുന്നതിന്റെ തലേ ദിവസമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
കര്‍ണ്ണാടക മെല്ലഹള്ളി സ്വദേശിയായിരുന്നു എച്ച് ഗുരു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഗുരുവിന്റേത്. ഗുരുവിന്റെ സംസ്‌കാരം നടത്താന്‍ കുടുംബത്തിന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ജന്മനാട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരിടത്തായിരുന്നു ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയത്. ഇതറിഞ്ഞപ്പോഴാണ് ഗുരുവിന്റെ കുടുംബത്തിന് ഭൂമി നല്‍കാന്‍ സുമലത താല്‍പര്യം അറിയിച്ചത്. അതേസമയം എച്ച് ഗുരുവിന്റെ സംസ്കാരവേളയില്‍ തന്റെ രണ്ടാമത്തെ മകനെ കൂടി രാജ്യത്തിന് നല്‍കാമെന്ന് വ്യക്തമാക്കി ഗുരുവിന്റെ അമ്മ ചിക്കൊലമ്മ രംഗത്ത് എത്തിയിരുന്നു.നിരവധി സുമനസുകളും ഇവര്‍ക്ക് പണം നല്‍കിയിരുന്നു. 12കോടിയ്ക്കും 15കോടിയ്ക്കും ഇടയില്‍ രൂപ കുടുംബത്തിന് ലഭിച്ചതായാണ് സൂചന.
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും രംഗത്ത് എത്തിയിരുന്നു. ആക്രമണത്തില്‍ മരിച്ച മുഴുവന്‍ സൈനികരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here