അയോധ്യ; ഒത്തുതീര്‍പ്പ് സാധ്യത തേടി സുപ്രീം കോടതി, എതിര്‍ത്ത് ഹിന്ദുമഹാസഭ, വിധി പറയാന്‍ മാറ്റി

അയോധ്യ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തേടി സുപ്രീം കോടതി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് മുസ്ലീം സംഘടനകള്‍ക്കായി എത്തിയ രാജീവ് ധവാന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കക്ഷികളുടെ അനുമതി ആവശ്യമില്ലെന്നാണ് രാജീവ് ധവാന്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്തു. ഉത്തരവ് വിധി പറയാന്‍ മാറ്റി
ഉത്തരവ് ഇറക്കുന്നത് മുൻപ് ജനങ്ങളെ അറിയിക്കാൻ നോട്ടീസ് ഇറക്കണം എന്ന് ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിന് മറുപടിയായി മധ്യസ്ഥം നടക്കില്ല എന്നാണോ നിങ്ങൾ പറയുന്നത് എന്ന് കോടതി ചോദിച്ചു. മധ്യസ്ഥ ശ്രമം പാഴ്വേലയാണെന്നാണ് ഹിന്ദുമഹാ സഭയുടെ വാദം. അയോധ്യ തർക്കം മതപരവും വൈകാരികവും ആയ വിഷയം ആണ്. കേവലം സ്വത്ത് തർക്കമല്ല എന്ന് കോടതി വ്യക്തമാക്കി. അന്തിമ വിധി വന്നാൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴേ എന്തെകിലും ചെയ്യാൻ കഴിയൂ. അതിനാണ് ശ്രമമെന്നും ഭൂത കാലത്തിൽ കോടതിക്ക് നിയന്ത്രണം ഇല്ലെന്നും കോടതി വ്യക്തമാക്കി. വർത്തമാനത്തിൽ മാത്രമേ എന്തെങ്കിലും ഇടപെടാൻ ആവൂ. മധ്യസ്ഥ ചർച്ചയെ മുൻവിധിയോടെ കാണേണ്ടതില്ല. മധ്യസ്ഥ ചർച്ചക്ക് ഒരു വ്യക്തിയെ ആയിരിക്കില്ല ഒരു സംഘത്തെ ആയിരിക്കും നിയോഗിക്കുക. മധ്യസ്ഥതക്ക് ഉത്തരവിടാൻ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യം ഇല്ലെന്ന് മുസ്ലിം കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്.
ബാബർ ചെയ്ത ചെയ്ത കാര്യങ്ങളിൽ കോടതിക്ക് നിയന്ത്രണം ഇല്ല. ആർക്കും അത് റദ്ദാക്കാൻ ആകില്ല. തർക്കം പരിഹരിക്കുക മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. വിഷയം രണ്ടു സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കം അല്ലെന്നും രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നം ആണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡും വ്യക്തമാക്കി.
എല്ലാവരുടെയും അഭപ്രായങ്ങളെ മാനിച്ചില്ലെങ്കിൽ മധ്യസ്ഥത ചർച്ചയുടെ തീരുമാനം അംഗീകരിക്കപ്പെടില്ലെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കി. കോടതിയുടെ നിർദേശ പ്രകാരം ആണ് മധ്യസ്ഥത എങ്കിൽ, അതിലെ തീരുമാനം കോടതി ഉത്തരവായി ഇറക്കിയാൽ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജസ്റ്റീസ് ബോബ്ഡെ വ്യക്തമാക്കി. മതപരവും വൈകാരികവും ആയ വിഷയം ആയിട്ടും കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് രാജീവ് ധവാനും പറഞ്ഞു. രാമ ജന്മസ്ഥലം ഇവിടെയാണ് എന്ന കാര്യത്തിൽ ആരുമായും ചർച്ച ചെയ്യാൻ കഴിയില്ലെന്ന് എന്ന് രാംലല്ലക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സി എസ് വൈദ്യയും മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാറും രംഗത്ത് എത്തിയിരുന്നു. പൊതു ജനങ്ങളിൽ നിന്ന് സംഭാവന പിരിച്ച് മറ്റൊരു സ്ഥലത്ത് പള്ളി പണിയാൻ തയ്യാറാണ് എന്നും രാം ലല്ല് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here