തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവിതാംകൂര്‍ രാജ്യം വിമാനത്താവളത്തിനായി നല്‍കിയ 258.06 ഏക്കര്‍ നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഇതോടൊപ്പം 2003ല്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്തു നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യവല്‍ക്കരണം ഉണ്ടാവില്ലെന്നാണ് ഭൂമി കൈമാറുമ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. അങ്ങനെ ആലോചിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണ് വിമാനത്താവളം സ്വകാര്യവല്‍കരിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
സ്വകാര്യവല്‍ക്കരണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. വിമാനത്താവളം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ അത് കേരള സര്‍ക്കാരിന് തന്നെ നല്‍കണം. രണ്ട് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിച്ചുള്ള മുന്‍പരിചയം സര്‍ക്കാരിനുണ്ട്. ഡല്‍ഹി, മുംബൈ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ മുന്‍പരിചയം നിര്‍ബന്ധമായിരുന്നു. സംസ്ഥാന സര്‍ക്കാരിന് യോഗ്യതയുള്ളതിനാലാണ് മുന്‍ പരിചയമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
168 കോടി രൂപയ്ക്കായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണാവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസി 135 കോടി വരെ വിളിച്ചിരുന്നു. കെഎസ്‌ഐഡിസിയെക്കാള്‍ പത്ത് ശതമാനം മാത്രമാണ് ലേലത്തുകയെങ്കില്‍ ഇളവ് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് മുന്നില്‍ കണ്ട് അദാനി ഗ്രൂപ്പ് കൂടുതല്‍ തുക ലേലം വിളിക്കുകയായിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ നിയന്ത്രണമായിരുന്നു അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here