അയോധ്യ ഭൂമി തർക്കക്കേസ്; ഒത്തു തീർപ്പിന്റെ സാധ്യത തേടി സുപ്രിം കോടതി

അയോധ്യ ഭൂമി തർക്കക്കേസിൽ ഒത്തു തീർപ്പിന്റെ സാധ്യത തേടി സുപ്രിം കോടതി. കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ചകൾ നടത്തനാണ് ശ്രമം. ഇക്കാര്യത്തിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത സുന്നി വഖഫ് ബോർഡിന് പരിശോധിക്കാൻ വേണ്ടിയാണ് കേസ് മാറ്റിയത്. ഈ കാലയളവിനുള്ളിൽ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമോയെന്നാണ് കോടതി നോക്കുന്നത്. കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് നിർദേശം മുന്നോട്ട് വെച്ചത്.
Read Also : അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു; യോഗി ആദിത്യനാഥ്
സിവിൽ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തിൽ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമോയെന്നാണ് കോടതി പരിശോധിക്കുക. കേസ് വെറും ഒരു സ്വകാര്യ ഭൂമിതർക്ക കേസ് മാത്രമല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചർച്ചകളിലൂടെ പരിഹരിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്. നിർദേശത്തോട് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും അനുകൂലമായി പ്രതികരിച്ചിരുന്നു.
Read Also : വെടിയുണ്ട ഏൽക്കേണ്ടി വന്നാലും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഫെബ്രുവരി 21നെന്ന് സ്വാമി സ്വരൂപാനന്ദ്
എന്നാൽ മറ്റ് കക്ഷികളായ രാം ലല്ലയും ഹിന്ദു മഹാസഭയും എതിർപ്പായിരുന്നു പ്രകടിപ്പിച്ചത്. ഒത്തു തീർപ്പ് ചർച്ചകൾക്ക് ഏറെ സമയം വേണ്ടി വരുമെന്നതിനാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അന്തിമ തീർപ്പിന് സാധ്യത കുറവാണ്. വേഗത്തിൽ വാദം കേട്ട് വിഷയത്തിൽ തീർപ്പ് കൽപ്പിക്കണമെന്നതാണ് സംഘ്പരിവാർ സംഘടനകളുടെയും കേന്ദ്ര സർക്കാരിൻറെയും താൽപര്യം. മധ്യസ്ഥതയിലൂടെ വിഷയം പരിഹരിച്ചൂടെ എന്ന് മുൻ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ നേരത്തെ ചോദിച്ചിരുന്നു. തുടർന്ന് ശ്രീ ശ്രീ രവിശങ്കറിൻറെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here