പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസ് നൽകിയാൽ മതി

പരിയാരം സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതോടെ അടുത്ത അധ്യയന വർഷം മുതൽ ചേരുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസ് നൽകിയാൽ മതിയാകും. രണ്ടായിരത്തോളം വരുന്ന ജീവനക്കാരിൽ ഭൂരിഭാഗം പേരും ആനുകൂല്യങ്ങൾക്ക് അർഹരാകും. രോഗികൾക്ക് ചികിത്സയും സൗജന്യമാകും.
100 എം.ബി.ബി.എസ്. സീറ്റുകളും 37 പി.ജി. സീറ്റുകളുമാണ് പരിയാരം മെഡിക്കൽ കോളേജിലുള്ളത്. മറ്റ് കോഴ്‌സുകളിലും നിരവധി സീറ്റുകളുണ്ട്. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതോടെ ഈ സീറ്റുകളിൽ സർക്കാർ ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകും. അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് ഇത് ബാധകമാവുക.
Read Also : പരിയാരം മെഡിക്കല്‍ കോളേജ്; ഓർഡിനൻസ് ഗവർണർ ഒപ്പുവച്ചു
1950 ജീവനക്കാരാണ് പരിയാരം മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായുള്ളത്. ഇതിൽ 1550 ഓളം പേർ സ്ഥിരം ജീവനക്കാരാണ്. ഇതിൽ ഭൂരിഭാഗം പേരും സർക്കാർ മെഡിക്കൽ കോളേജിന്റെ ഭാഗമാകും. സർക്കാർ ഏറ്റെടുക്കുന്നതോടെഒ.പി ചികിൽസ പൂർണായും സൗജന്യമാകും. ഉത്തര മലബാറിൽ സർക്കാർ മേഖലയിൽ മറ്റ് മെഡിക്കൽ കോളേജില്ലാത്തതിനാൽ ഇത് ഏറെ അനുഗ്രഹമാകും.
മെഡിക്കൽ കോളജ്, ആശുപത്രി, ഡെന്റൽ കോളജ്, ഫാർമസി കോളജ്, കോളജ് ഓഫ് നഴ്‌സിങ്, സ്‌കൂൾ ഓഫ് നഴ്‌സിങ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽ സയൻസസ്, ഹൃദയാലയ, മെഡിക്കൽ കോളജ് പബ്ലിക് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളാണു പരിയാരം ക്യാംപസിലുള്ളത്. 20 സ്‌പെഷ്യൽറ്റി വിഭാഗങ്ങളും എട്ടു സൂപ്പർ സ്‌പെഷ്യൽറ്റി വിഭാഗങ്ങളും ഇവിടെയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here