സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങി കോൺഗ്രസ്

അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഏതാണ്ട് അവസാനിച്ചതോടെ അന്തിമഘട്ടത്തിലാണ് സ്ഥാനാർത്ഥി നിർണയം. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സര രംഗത്തുണ്ടാകുമോയെന്നതും പാർട്ടി പ്രവർത്തകർ അടക്കം ഉറ്റുനോക്കുന്നുണ്ട്.
ആരൊക്കെ എവിടെയൊക്കെ സ്ഥാനാർത്ഥികളാകണമെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾക്കിടയിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്. അന്തിമ ചർച്ചകൾ പൂർത്തിയാക്കി പട്ടിക എത്രയും വേഗം ഹൈക്കമാന്റിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെപിസിസി. പ്രാദേശിക എതിർപ്പുകൾ ഉണ്ടെങ്കിലും പത്തനംതിട്ടയിൽ സിറ്റിങ്ങ് എം പി ആന്റോ ആന്റണിയുടെ പേരിന് തന്നെയാണ് സംസ്ഥാന നേതൃത്വം മുൻഗണന നൽകുന്നത്. എറണാകുളത്ത് നോട്ടമിട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മിണി, സ്വപ്ന പട്രോണിക്‌സ് എന്നിവർ രംഗത്തുണ്ട്. കെ പി സി സി അധ്യക്ഷൻ മത്സരിക്കില്ലെന്ന് നിലപാട് എടുത്തതിനാൽ വടകര, സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലന്റെ മണ്ഡലമായ ആലപ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന പൊതു വികാരമാണ് പാർട്ടിയിലുള്ളത്.
Read Also : ഡൽഹിയിൽ കോൺഗ്രസ്സ്- ആം ആദ്മി പാർട്ടി സഖ്യ സാധ്യത തെളിയുന്നു
തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചെങ്കിലും, വി എം സുധീരൻ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് സൂചനകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, KC വേണുഗോപാൽ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ കേന്ദ്ര നേതൃത്വമാകും തീരുമാനമെടുക്കുക. എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനമെങ്കിലും, ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രഥമ പരിഗണനയിലുളള അടൂർ പ്രകാശിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇളവ് നൽകിയേക്കും. വനിതാ – യുവ നേതാക്കൾക്ക് പട്ടികയിൽ എത്രത്തോളം പ്രാതിനിധ്യം ലഭിക്കുമെന്നതും നിർണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here