പ്രതിസന്ധികള്‍ മുട്ടുമടക്കും ഈ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍; പുരസ്കാരത്തിളക്കത്തില്‍ പി എസ് ശിഷിത

-രേഷ്മ വിജയന്‍
“പ്രതിസന്ധികളില്‍ തളരാതെ സ്വയം പര്യാപ്തരാകാന്‍ വനിതകള്‍ പ്രാപ്തരായാല്‍ മാത്രമെ സമൂഹത്തില്‍ സ്ത്രീശാക്തീകരണത്തിന് പൂര്‍ണത ലഭിക്കൂ”, പറയുന്നത് സംസ്ഥാനത്തെ മികച്ച അംഗന്‍വാടി വര്‍ക്കറായി തിരഞ്ഞെടുക്കപ്പട്ട പി എസ് ശിഷിതയാണ്. പ്രതിസന്ധികളെ പ്രേരണകളാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടുകയാണ് കണ്ണൂര്‍ കീഴ്പ്പളളി സ്വദേശി പി എസ് ശിഷിത എന്ന അംഗന്‍വാടി ജീവനക്കാരി.
ആറളം ഫാം വളയംചാല്‍ ബ്ലോക്ക് ഒമ്പതിലെ അമ്പത്തിയൊന്നാം നമ്പര്‍ അംഗന്‍വാടിയിലെ ജീവനക്കാരിയാണ് ശിഷിത. ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ കാട്ടാനകളുള്‍പ്പെടെയുളള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. വന്യജീവി ശല്യവും സ്ഥലപരിമിതിയുമെല്ലാം വെല്ലുവിളി ആയി ഏറ്റെടുത്ത ശിഷിതയെത്തേടിയെത്തിയ പുരസ്‌കാരം അര്‍ഹമായ അംഗീകാരം തന്നെയാണ്.
Read More: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായുളള സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അറിയാം
ഇരിട്ടി ഐസിഡിഎസ്സിന്റെ കീഴിലുളള ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അംഗനവാടിയില്‍ 24 കുട്ടികളാണുളളത്. കുട്ടികളുടെ വ്യക്തിത്വ വികസനം, ശുചിത്വ പരിപാലനം, ഭക്ഷണവിതരണം, ജൈവപച്ചക്കറി കൃഷി, പൂന്തോട്ട നിര്‍മ്മാണം എന്നിങ്ങനെ നിരവധി മേഖലകളിലെ മികവാണ് ശിഷിതയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് പുറമെ വാര്‍ഡിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും ശിഷിതയുടെ നേതൃത്വത്തിലുളള അംഗന്‍വാടി മാതൃകയാണ്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരവും വിതരണം ചെയ്യാറുണ്ട്. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തിലെ മികച്ച അംഗന്‍വാടി ആയി തിരഞ്ഞെടുക്കപ്പെട്ടതും ശിഷിത പ്രവര്‍ത്തിക്കുന്ന ആറളം ഫാം വയല്‍ അംഗന്‍വാടിയാണ്. അംഗന്‍വാടിയിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ മികവ് പരിഗണിച്ചാണ് പഞ്ചായത്ത് തലത്തിലുളള അംഗീകാരം ലഭിച്ചത്.
പ്ലാസ്റ്റിക് മുക്തമായ അംഗന്‍വാടിയില്‍ കുട്ടികളുടെ ശുചിത്വത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ശിഷിത പറയുന്നു. ഭര്‍ത്താവും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന ശിഷിതയുടെ കുടുംബത്തെ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ വലയ്ക്കുന്നുണ്ട്. ഒരു കലാകാരി കൂടിയാണ് ശിഷിത. പ്രൊഫഷണല്‍ ചെണ്ടകൊട്ടുകാരിയായ ഇവര്‍ ഒഴിവ് സമയങ്ങളില്‍ കേരളത്തിന് അകത്തും പുറത്തും നിരവധി പരിപാടികളില്‍ ചെണ്ട കൊട്ടാറുണ്ട്.
ഇന്ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സമ്മേളനത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രി കെ കെ ശൈലജയാണ് ശിഷിതയ്ക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. വെല്ലുവിളികളെ തരണം ചെയ്ത് ശിഷിത നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here