കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്ന് സൂചന; മുതിർന്ന നേതാക്കൾ നാളെ ഡൽഹിയിലേക്ക്

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയുമായി മുതിർന്ന നേതാക്കൾ നാളെ ഡൽഹിയിലേക്ക്. തിങ്കളാഴ്ച ഡൽഹിയിൽ ചേരുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിനുശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമാകും. മുതിർന്ന നേതാക്കൾ മത്സരിക്കുമോയെന്ന കാര്യത്തിലും ഹൈക്കമാന്റ് തീരുമാനമാകും നിർണായകമാവുക.
Read More:സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് കോൺഗ്രസ് നേതാക്കളുടെ ചർച്ച ഇന്ന്
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയോടെ ഡൽഹിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധ്യതാ പട്ടികയുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നാളെ സൽഹിക്കു പോകും. സിറ്റിംഗ് സീറ്റുകളിലേക്ക് സംസ്ഥാന ഘടകം പാനൽ നൽകില്ല. മുതിർന്ന നേതാക്കൾ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്റ് തീരുമാനം നിർണായകമാകും. മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ഹൈക്കമാന്റ് നിർദേശിച്ചാൽ ഇവരും മത്സര രംഗത്തുണ്ടാകും. സുബ്ബയറായിയുടെ പേരിനാണ് കാസർഗോഡ് പ്രഥമ പരിഗണന.
Read More: സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങി കോൺഗ്രസ്
എ പി അബ്ദുള്ളക്കുട്ടിയുടെ പേരും പട്ടികയിലുണ്ട്. കണ്ണൂരിൽ കെ സുധാകരന്റെ പേരിനാണ് മുൻതൂക്കം. എം എം ഹസൻ, ടി സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് വയനാട് പരിഗണിക്കപ്പെടുന്നവർ. ചാലക്കുടിയിൽ യു ഡി എഫ് കൺവീനർ ബെന്നി ബഹനാന്റെയും തൃശൂരിൽ വി എം സുധീരന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും ടി എൻ പ്രതാപന്റെ പേരും പട്ടികയിലുണ്ട്. രമ്യാ ഹരിദാസ്, കെ എ തുളസി, സുനിൽ ലാലൂർ എന്നിവരാണ് ആലത്തൂരിലെ പട്ടികയിൽ. പാലക്കാട് വി കെ ശ്രീകണ്ഠനും ആറ്റിങ്ങലിൽ അടൂർ പ്രകാശും പ്രഥമ പരിഗണയിലുണ്ട്. ഡീൻ കുര്യാക്കോസിനെയും ജോസഫ് വാഴക്കനെയും ഇടുക്കിയിലേക്ക് പരിഗണിക്കുമ്പോഴും മുൻതൂക്കം നൽകുന്നത് ഉമ്മൻചാണ്ടിക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here