Advertisement

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍

March 10, 2019
Google News 0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍ എംപി. നിലവില്‍ മറ്റു പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. തീരുമാനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ യുഡിഎഫില്‍ നിന്നും ഉയര്‍ന്നു കേട്ടത് കെ സി വേണുഗോപാലിന്റെ പേരാണ്. സിറ്റിങ് എംപിക്ക് വിജയസാധ്യതയുണ്ടെങ്കില്‍ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍ ആലപ്പുഴയില്‍ മത്സരിക്കുക എന്നത് അപ്രായോഗികമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. സഖ്യ ചര്‍ച്ച, എല്ലാ സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പ്രചരണം അടക്കമുള്ള പരിപാടികളുടെ ഏകോപനം, കര്‍ണ്ണാടകയുടെ ചുമതല തുടങ്ങിയവയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അസാധ്യമാണ്. ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുക എന്നത് അവിടുത്തെ വോട്ടര്‍മാരോട് കാണിക്കുന്ന നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്. അതുകൊണ്ടാണ് പല ഉത്തരവാദിത്തങ്ങളും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക എന്നത് പാര്‍ട്ടിയോടു ചെയ്യേണ്ട കടമയും കര്‍ത്തവ്യവുമായിട്ടാണ് കരുതുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹമുണ്ട്. പക്ഷേ, പ്രധാന ലക്ഷ്യം വിശാലമായ പാര്‍ട്ടി താല്‍പര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here