എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം വി ജയരാജന്‍ രാജിവെച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്‍ പി എസ് പദവി രാജിവെച്ചത്.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം വി ജയരാജനെ തെരഞ്ഞടുത്തത്. പി ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Read more:എം വി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകും

ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയതിന് ശേഷമുള്ള ആദ്യ ജില്ലാ കമ്മിറ്റി യോഗം കൂടിയായിരുന്നു ഇന്നത്തേത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം വി ജയരാജന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് പകരം പി ശശി എത്തിയേക്കുമെന്ന് സൂചനയുണ്ട്. എ കെ നയനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പി കെ ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി ശശിയുടെ മുന്‍ കാല പ്രവര്‍ത്തി പരിചയം പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈംഗികആരോപണ വിവാദത്തല്‍ പാര്‍ട്ടി നടപടി നേരിട്ട ശശി കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ എത്തിയത്. നിലവില്‍ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റാണ് പി ശശി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top