വഴക്കു പറഞ്ഞതിന് വീടുവിട്ടിറങ്ങി പെൺകുട്ടികൾ; മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്

വഴക്കു പറഞ്ഞതിന് വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്. മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറയുന്നു, വീട്ടുകാർ തങ്ങളെ അംഗീകരിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വീടുവിട്ടിറങ്ങിയ രണ്ട് പെൺകുട്ടികളെ ചെന്നൈയ്ക്ക് സമീപം വില്ലുപുരത്ത് നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ഹൈസ്‌കൂൾ വിദ്യാർഥികളായ ഇരുവരും ശനിയാഴ്ചരാവിലെ എട്ടരയോടെ സ്‌പെഷ്യൽ ക്ലാസുണ്ടെന്നു പറഞ്ഞാണ് വീടുകളിൽ നിന്ന് പോയത്. പെൺകുട്ടികളുടെ സുഹൃത്തുക്കളിൽ ഒരാളെ അവർ വിളിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പോലീസ് വിളി വന്നാൽ തന്ത്രപൂർവം സംസാരിക്കാനും പോലീസിനെ അപ്പോൾത്തന്നെ അറിയിക്കാനും നിർദ്ദേശം നൽകി.

Read Also : നീന്തൽ കുളത്തിലെ പൊലീസ് കരുത്ത്; ദേശീയ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കേരളാ പൊലീസ് റണ്ണറപ്പ്

പെൺകുട്ടികളുടെ കൈവശം മൊബൈൽഫോൺ ഉണ്ടായിരുന്നില്ല. രാത്രി പത്തു മണിയോടെ സുഹൃത്തിന് ഫോൺകോൾ വന്നു. തങ്ങൾ പോവുകയാണെന്നും ക്ഷമിക്കണമെന്നും ബസ്സിൽ ചെന്നൈയിലേക്കാണ് പോകുന്നതെന്നും ഒരു യാത്രക്കാരന്റെ ഫോൺവാങ്ങിയാണ് വിളിക്കുന്നതെന്നും പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെ കുഴൽമന്ദം സ്‌റ്റേഷനിലെ എ.എസ്.ഐ.മാരായ ശബരീഷ്, പ്രശാന്ത്, സി.പി.ഒ.മാരായ നിഷാന്ത്, രാമചന്ദ്രൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ ലൊക്കേഷൻ സേലം ദേശീയപാതയിലാണെന്ന് കണ്ടെത്തി.

പെൺകുട്ടികൾ വിളിച്ച നമ്പരിലേക്ക് പിന്നീട് പോലീസ് ബന്ധപ്പെടുകയും ഫോൺ ഉടമയോട് പെൺകുട്ടികളെ കാണാതായതാണെന്ന് അറിയിക്കുകയും കണ്ടക്ടറോട് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പെൺകുട്ടികളെ സുരക്ഷിതരായി ഇറക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. വില്ലുപുരം സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ ഞായറാഴ്ച തിരിച്ചെത്തിക്കുകയും ചെയ്തു. . പെൺകുട്ടികളെ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കി. കൗൺസലിങ്ങിനു ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top