ശബരിമല; എത്ര വിലക്കിയാലും ജനങ്ങള്‍ ഒന്നും മറക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

എത്ര വിലക്കിയാലും ശബരിമല വിഷയം ജനങ്ങളുടെ മനസ്സില്‍ നിന്നും മായാന്‍ പോകുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്നും ശബരിമല വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാകുമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിയില്ല. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

Read Also: ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ മടങ്ങിയെത്തിയ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് ആരാധനാ സ്വാതന്ത്ര്യമാണ്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണിത്. അതു കൊണ്ടു തന്നെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ജനങ്ങളുടെ വികാരം അവരുടെ ചിന്തയില്‍ എക്കാലവും ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.മതത്തെയോ ദൈവത്തെയോ കോടതി വിധികളെയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ ഇന്നലെ പറഞ്ഞിരുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാകുമോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാമുദായിക ധ്രുവീകരണത്തിന് ഇടയാകും വിധം പ്രചരണം നടത്താന്‍ പാടില്ലെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ടിക്കാ റാം മീണ പറഞ്ഞിരുന്നു.അതേ സമയം ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തു വന്നിരുന്നു.

Read Also: ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്ന് കെ സുരേന്ദ്രന്‍

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ലെന്നും ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്നുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പ്രചാണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല. അതിനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല ചര്‍ച്ച ചെയ്യാമോ അയോധ്യ ചര്‍ച്ച ചെയ്യാമോ എന്നൊന്നും പറയാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടുവരുമെന്നുമാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top