കുമ്മനം രാജശേഖരന്‍ തിരിച്ചെത്തി; തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ സ്വീകരണം

മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പതരയോടെയാണ് കുമ്മനം തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് ബിജെപി നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നത്. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി സംസ്ഥാന ഓഫീസിലേക്ക് തിരിച്ചു.നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് കുമ്മനത്തിന്റെ യാത്ര.

പഴവങ്ങാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കുമ്മനം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പോകുക.രാവിലെ വിമാനത്താവളത്തിലെത്തിയ കുമ്മനത്തിനെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. വിമാനത്താവളത്തിനു പുറത്തെത്തിയതോടെ തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ വിമാനത്താവളത്തില്‍ കുമ്മനം രാജശേഖരനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ബിജെപി സംസ്ഥാന ഓഫീസിലെത്തുന്ന കുമ്മനം രാജശേഖരന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുമെന്നാണ് വിവരം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനായാണ് കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം അടുത്ത ദിവസം തന്നെയുണ്ടായേക്കും. എന്നാല്‍ പ്രഖ്യാപനത്തിനു മുമ്പു തന്നെ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനു വേണ്ടി ചുവരെഴുത്ത് അടക്കമുള്ള പ്രചരണ പരിപാടികള്‍ ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുത്തത്. കുമ്മനം സ്ഥാനാര്‍ത്ഥിയായെങ്കില്‍ മാത്രമേ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി ക്ക് വിജയിക്കാന്‍ സാധിക്കുള്ളുവെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തത്. ഇതോടെ ബിജെപി നേതൃത്വം കുമ്മനത്തിനെ തിരികെ കേരളത്തിലെത്തിക്കാന്‍ നടപടികളാരംഭിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top