അനുമതി കിട്ടിയില്ല; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ നാളെ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തുന്നതിനായാണ് രാഹുല്‍ വയനാടെത്താന്‍ തീരുമാനിച്ചിരുന്നത്. മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗ്ഗം വയനാട്ടിലേക്കെത്താനായിരുന്നു പദ്ധതി.

എന്നാല്‍ കഴിഞ്ഞയാഴ്ച വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുണ്ടാകുകയും മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെടുകയായിരുന്നു. വയനാട് മാവോയിസ്റ്റുകളുടെ പ്രത്യാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിച്ചത്.രണ്ട് ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതു കൂടാതെ കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിലും രാഹുല്‍ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top