ഇ വിസ ഉംറ തീര്‍ത്ഥാടകരുടെ വിസാ നടപടികള്‍ എളുപ്പമാക്കിയെന്ന് സൗദി

ഇലക്ട്രോണിക് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതോടെ ഉംറ തീര്‍ത്ഥാടകരുടെ വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമായതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു മിനുട്ടുകള്‍ക്കുള്ളില്‍ വിസ ലഭിക്കും. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്‌.

വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ് ഉംറ കര്‍മങ്ങള്‍ക്കായി ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ തുടങ്ങിയത്. ഈ സംവിധാനം വഴി ഹജ്ജ് ഉംറ ഏജന്‍സികള്‍ക്ക്, അപേക്ഷ സമര്‍പ്പിച്ചു മിനുട്ടുകള്‍ക്കുള്ളില്‍ വിസ ലഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഹജ്ജ് ഉംറ മന്ത്രാലയം ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്. ഇതുവഴി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Read More: സൗദിയില്‍ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വര്‍ഷത്തില്‍ മൂന്നു കോടി ഉംറ വിസകള്‍ അനുവദിക്കാനാണ് തീരുമാനം. ഈ സീസണില്‍ ഇതുവരെ നാല്‍പ്പത്തിയഞ്ചു ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചു. അനുയോജ്യമായ പാക്കേജുകളും സര്‍വീസ് ഏജന്‍സികളെയും തീര്‍ഥാടകര്‍ക്ക് തന്നെ തിരഞ്ഞെടുക്കാന്‍ മന്ത്രാലയത്തിന്റെ ‘മഖാം’ എന്ന ഓണ്‍ലൈന്‍ സംവിധാനം വഴി സാധിക്കും. www.haj.gov.sa എന്ന വെബ്സൈറ്റില്‍ പോയാല്‍ ഈ സേവനത്തിന്റെ ലിങ്ക് ലഭിക്കും. ഉംറ പാക്കേജ് നിരക്ക്, സര്‍വീസ് ഏജന്‍സിയെ ബന്ധപ്പെടാനുള്ള നമ്പര്‍, യാത്ര – താമസം തുടങ്ങി ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. സൗദിയിലെ ഉംറ ഒപ്പറെറ്റര്‍മാരുടെ പേര് വിവരങ്ങളും സൈറ്റിലുണ്ട്. ഉംറക്ക് പുറപ്പെടുന്ന രാജ്യവും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും നല്‍കിയാല്‍ അംഗീകൃത സര്‍വീസ് ഏജന്‍സികളുടെ വിവരങ്ങളും പാക്കേജ് നിരക്കും ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top