Advertisement

തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് ആ പമ്പര വിഡ്ഢിത്തം: തോമസ് ഐസക്

March 12, 2019
Google News 1 minute Read
thomas issac

നോട്ട് നിരോധനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. നോട്ടുനിരോധനം ചപലബുദ്ധിയായ ഒരു ഭരണാധികാരിയുടെ ഭ്രാന്തന്‍ നടപടിയായിരുന്നു എന്ന വിമര്‍ശനം ശരിവെയ്ക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന ആ രേഖ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാപട്യത്തില്‍ തറഞ്ഞ അവസാനത്തെ ആണിയാണൈന്നും ഐസക് പറഞ്ഞു. ലോകചരിത്രത്തിലെ ആ പമ്പര വിഡ്ഢിത്തം വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണിതെന്നും റിസര്‍വ് ബാങ്ക് പോലും അരുത് എന്നു മുന്നറിയിപ്പു നല്‍കിയിട്ടും എന്തിനാണ് മോദി രാജ്യത്തെ എണ്‍പത്താറു ശതമാനം കറന്‍സി നിരോധിച്ചതെന്നും ഐസക് ചോദിച്ചു. റിസര്‍വ് ബാങ്കും ആ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുപോലും മോദി അവഗണിച്ചു. എന്തിനു വേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരു നട്ടപ്പാതിരയ്ക്ക് എടുപിടിയെന്ന് അസാധുവാക്കിയതുകൊണ്ട് കള്ളപ്പണം പിടികൂടാന്‍ കഴിയില്ലെന്ന് സാമ്പത്തികശാസ്ത്രത്തിന്റെ പ്രാഥമിക പാഠം അറിയുന്നവര്‍ 2016 നവംബര്‍ 8ന് ഈ പ്രഖ്യാപനം പുറത്തു വന്നതിന്റെ തൊട്ടടുത്ത നിമിഷം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കാരണം, നോട്ടുകളില്‍ ശേഖരിച്ച നിലയിലല്ല കള്ളപ്പണം സൂക്ഷിക്കുന്നത്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, മറ്റു നിക്ഷേപങ്ങള്‍ എന്നിങ്ങനെയാണ് കള്ളപ്പണശേഖരം. അതുകൊണ്ട് നോട്ടു നിരോധിച്ചാല്‍ കള്ളപ്പണം പിടികൂടാനാവില്ല’ – ഐസക് വ്യക്തമാക്കി.

നരേന്ദ്രമോദിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭരണനടപടിയായിരുന്നു നോട്ടു നിരോധനം. അത് അമ്പേ പരാജയമായിരുന്നു. പ്രഖ്യാപിച്ചതില്‍ ഒരു ലക്ഷ്യം പോലും നേടുകയോ എന്തെങ്കിലുമൊരു നേട്ടം രാജ്യത്തിനോ ജനങ്ങള്‍ക്കോ ഉണ്ടാക്കുകയോ ചെയ്തില്ല. ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അവകാശവാദങ്ങളില്‍ നോട്ടുനിരോധനം മഷിയിട്ടു നോക്കിയാല്‍പ്പോലും കാണില്ല. എന്നാല്‍ അവര്‍ മറന്നു എന്നു കരുതി രാജ്യം മറക്കുകയില്ലല്ലോ.

രാജ്യാധികാരം കൈകാര്യം ചെയ്യാനുള്ള സമചിത്തതയും സ്ഥിരബുദ്ധിയും തങ്ങള്‍ക്കില്ലെന്ന് നോട്ടുനിരോധനത്തിലൂടെ തെളിയിക്കുകയായിരുന്നു ബിജെപിയും മോദിയും. പ്രവചനാതീതമായ ഭ്രാന്തുകള്‍ കൊണ്ട് അവര്‍ നമ്മുടെ ജീവിതത്തെ അമ്മാനമാടുകയായിരുന്നു. നമ്മുടെ ആധിയും ഭയവും വിഹ്വലതകളും വേവലാതിയുമൊക്കെ അവര്‍ക്ക് ആര്‍ത്തു ചിരിക്കാനും ആഘോഷിക്കാനുമുള്ള വിഭവങ്ങള്‍ മാത്രമായിരുന്നു. ഇനിയൊരിക്കല്‍ക്കൂടി ഇത്തരം അധികാരഭ്രാന്തുകള്‍ സഹിക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിനില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Read More: കടം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തോമസ് ഐസക്ക്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നോട്ടുനിരോധനം ചപലബുദ്ധിയായ ഒരു ഭരണാധികാരിയുടെ ഭ്രാന്തന്‍ നടപടിയായിരുന്നു എന്ന വിമര്‍ശനം ശരിവെയ്ക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണത്തെ നേരിടാന്‍ ഇതുപോലൊരു ഉടന്തടിച്ചാട്ടം കൊണ്ട് ഒരു ഫലവുമുണ്ടാക്കില്ലെന്ന്, ഈ പ്രഖ്യാപനം വരുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പു നടന്ന യോഗത്തില്‍പ്പോലും റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കിയിരുന്നു എന്ന് ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സില്‍ തെളിവുണ്ട്. വിവരാവകാശനിയമപ്രകാരം പുറത്തുവന്ന ആ രേഖ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാപട്യത്തില്‍ തറഞ്ഞ അവസാനത്തെ ആണിയാണ്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരു നട്ടപ്പാതിരയ്ക്ക് എടുപിടിയെന്ന് അസാധുവാക്കിയതുകൊണ്ട് കള്ളപ്പണം പിടികൂടാന്‍ കഴിയില്ലെന്ന് സാമ്പത്തികശാസ്ത്രത്തിന്റെ പ്രാഥമിക പാഠം അറിയുന്നവര്‍ 2016 നവംബര്‍ 8ന് ഈ പ്രഖ്യാപനം പുറത്തു വന്നതിന്റെ തൊട്ടടുത്ത നിമിഷം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കാരണം, നോട്ടുകളില്‍ ശേഖരിച്ച നിലയിലല്ല കള്ളപ്പണം സൂക്ഷിക്കുന്നത്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, മറ്റു നിക്ഷേപങ്ങള്‍ എന്നിങ്ങനെയാണ് കള്ളപ്പണശേഖരം. അതുകൊണ്ട് നോട്ടു നിരോധിച്ചാല്‍ കള്ളപ്പണം പിടികൂടാനാവില്ല.

റിസര്‍വ് ബാങ്കും ആ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുപോലും മോദി അവഗണിച്ചു. എന്തിനു വേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാനാവില്ല.

സമീപഭാവിയിലൊന്നും ഭേദമാകാത്ത ആഴത്തിലുള്ള മുറിവാണ് നോട്ടു നിരോധിച്ചുകൊണ്ട് സമ്പദ്ഘടനയില്‍ മോദി ഉണ്ടാക്കിവെച്ചത്. ആ മുറിവിനെക്കുറിച്ചാണ് ഈ പൊതുതിരഞ്ഞെടുപ്പുവേളയില്‍ രാജ്യം ഉറക്കെ ചര്‍ച്ച ചെയ്യേണ്ടത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം മനുഷ്യരുടെയും ജീവിതം വിവരണാതീതമായ ക്ലേശങ്ങളിലേയ്ക്കു തള്ളിവിട്ട നോട്ടുനിരോധനത്തില്‍ നിന്ന് ഒളിച്ചോടാന്‍ ബിജെപിയെയും മോദിയെയും അനുവദിക്കാനാവില്ല.

ഏകാധിപത്യത്തിന്റെ ലഹരിയില്‍ മുഴുഭ്രാന്തുകള്‍ കൊണ്ട് പ്രജകളെ വട്ടം കറക്കിയ ക്രൂരരും ദുഷ്ടരുമായ അനേകം ഭരണാധികാരികളുടെ ലീലാവിലാസങ്ങള്‍ ചരിത്രം മുന്നറിയിപ്പുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വന്തം ജനതയുടെ അധ്വാനഫലം ഒറ്റരാത്രികൊണ്ട് അസാധുവാക്കിയ അധികാരഭ്രാന്ത് ആദ്യമായാണ് ലോകം കണ്ടത്. ജനം തെരുവില്‍ നെട്ടോട്ടമോടുമ്പോള്‍ തമാശ പൊട്ടിച്ചും വീമ്പടിച്ചും ഗീര്‍വാണങ്ങള്‍ മുഴക്കിയും ആഘോഷിക്കുകയായിരുന്നു മോദി.

ലോകചരിത്രത്തിലെ ആ പമ്പരവിഡ്ഢിത്തം വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണിത്.
റിസര്‍വ് ബാങ്ക് പോലും അരുത് എന്നു മുന്നറിയിപ്പു നല്‍കിയിട്ടും എന്തിനാണ് മോദി രാജ്യത്തെ എണ്‍പത്താറു ശതമാനം കറന്‍സി നിരോധിച്ചത്?

ആ നടപടി ഒരു ലക്ഷ്യവും കണ്ടിട്ടില്ല. കള്ളപ്പണവേട്ടയായിരുന്നു ഒന്നാമതു പറഞ്ഞ ലക്ഷ്യം. അതിന്റെ അവസ്ഥ നാം കണ്ടു. വ്യാജനോട്ടിന്റെ കാര്യവും തഥൈവ. ഭീകരവാദം കുറയുമെന്നായിരുന്നു മറ്റൊരു വീമ്പടി. ഭീകരാക്രമണങ്ങള്‍ 176 ശതമാനമാണ് വര്‍ദ്ധിച്ചത്. വര്‍ദ്ധനയാണ് മോദി ഭരണത്ത് രാജ്യം അനുഭവിച്ചത്. സൈനികരുടെയും സിവിലിയന്‍മാരുടെയും മരണം 83 ശതമാനം വര്‍ദ്ധിച്ചു. പ്രതിമാസം പതിനൊന്ന് എന്ന കണക്കിനാണ് 2014 മുതല്‍ 2018 വരെ ഭീകരരുടെ നുഴഞ്ഞു കയറ്റം.

നരേന്ദ്രമോദിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭരണനടപടിയായിരുന്നു നോട്ടു നിരോധനം. അത് അമ്പേ പരാജയമായിരുന്നു. പ്രഖ്യാപിച്ചതില്‍ ഒരു ലക്ഷ്യം പോലും നേടുകയോ എന്തെങ്കിലുമൊരു നേട്ടം രാജ്യത്തിനോ ജനങ്ങള്‍ക്കോ ഉണ്ടാക്കുകയോ ചെയ്തില്ല. ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അവകാശവാദങ്ങളില്‍ നോട്ടുനിരോധനം മഷിയിട്ടു നോക്കിയാല്‍പ്പോലും കാണില്ല. എന്നാല്‍ അവര്‍ മറന്നു എന്നു കരുതി രാജ്യം മറക്കുകയില്ലല്ലോ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here