ഇനിയും മോദിയുടെ ഭരണം വന്നാല്‍ രാജ്യം നശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരിക്കല്‍ കൂടി നരേന്ദ്രമോദിയുടെ ഭരണം വന്നാല്‍ രാജ്യം നശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി രാജ്യത്ത് വര്‍ഗ്ഗീയത അഴിച്ചുവിടുകയാണെന്നും ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് അധ:പതിച്ചെന്നും പിണറായി വിജയന്‍ ആരോപിച്ചു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മോദി ഭരണത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ പ്രക്ഷോഭത്തിലേക്ക് എടുത്ത് ചാടുന്ന രാജ്യമായി ഇന്ത്യ മാറി. മതാതിഷ്ഠിത രാജ്യം സ്ഥാപിക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നവരല്ല ആര്‍എസ്എസുകാരെന്നും നാസിസം ആണ് അവര്‍ പിന്തുടരുന്ന തത്വസംഹിതയെന്നും പിണറായി പറഞ്ഞു.

മോദി അധികാരത്തില്‍ വന്നതോടെ ആര്‍ എസ് എസിന്റെ ആശയങ്ങളാണ് രാജ്യത്ത് പ്രചരിപ്പിക്കുന്നത്. ഭരണഘടനയാണ് പൊല്ലാപ്പിനെല്ലാം കാരണമെന്ന് പറയുന്ന മന്ത്രിമാര്‍ പാര്‍ലമെന്റിലുണ്ടായി.ഒരു രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത് എന്തൊക്കെയാണോ അതൊക്കെ സംഭവിക്കുന്ന അവസ്ഥയുണ്ടായി. ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം പലയിടങ്ങളിലായി നടന്നുവെന്നും വര്‍ഗീയത അഴിച്ചുവിട്ട് വര്‍ഗീയ ഭ്രാന്തന്‍മാരെ സൃഷ്ടിച്ചെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാവപ്പെട്ടവരെയും സാധാരണക്കാരെയും കടക്കെണിയിലേക്ക് തള്ളിവിട്ട് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടുകളാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കോടീശ്വരന്‍മാര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികളുമായി മുങ്ങാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top