Advertisement

കുമ്മനം രാജശേഖരന്‍ ചിന്തിക്കുന്നത് കേശവന്‍ മാമന്റെ നിലവാരത്തിലെന്ന് തോമസ് ഐസക്

March 13, 2019
Google News 0 minutes Read

ശബരിമല പ്രശ്‌നത്തില്‍ പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്ന വെല്ലുവിളിയിലൂടെ നരേന്ദ്രമോദി ഭരണത്തിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക്. കുമ്മനം രാജശേഖരന്‍ ചിന്തിക്കുന്നത് കേശവന്‍ മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തിലാണെന്നും ആത്മബലമുണ്ടെങ്കില്‍ മോദിയുടെ ഭരണനേട്ടങ്ങള്‍ ഉന്നയിച്ച് പരസ്യസംവാദത്തിനിറങ്ങണമെന്നും തോമസ് ഐസക്  ഫെയ്‌സ്ബുക്ക്   പോസ്റ്റില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശബരിമല പ്രശ്‌നത്തില്‍ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളിയിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരന്‍ രേഖപ്പെടുത്തുന്നത്. അഞ്ചുവര്‍ഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങളുയര്‍ത്തി സംവാദത്തിനു വെല്ലുവിളിക്കാനുള്ള ത്രാണി ബിജെപിയുടെ നേതാക്കള്‍ക്കില്ല. ആ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും. ഇതിനേക്കാള്‍ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല. മത്സരിക്കുന്നതിനു മുമ്പേ പരാജയം സമ്മതിക്കുകയാണ് ബിജെപി.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറഞ്ഞെന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. അങ്ങനെ പറഞ്ഞെങ്കില്‍, സോഷ്യല്‍ മീഡിയയിലെ സംഘിഹീറോകളായ കേശവന്‍ മാമന്റെയും സുമേഷ് കാവിപ്പടയുടെയും രാഷ്ട്രീയനിലവാരത്തിലാണ് നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ചിന്തിക്കുന്നത്. മതവികാരം ലക്ഷ്യമിട്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് സാധാരണ നിലയില്‍ ഒരു ഭരണഘടനാപദവിയിലിരുന്ന ആള്‍ക്ക് സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സംഘടിപ്പിച്ചു വായിച്ചു നോക്കിയാല്‍ മതിയാകും. അതവിടെ നില്‍ക്കട്ടെ.

എന്തൊക്കെ വീരവാദങ്ങളാണ് 2014ല്‍ മോദി മുഴക്കിയതെന്ന് കുമ്മനം രാജശേഖരന് ഓര്‍മ്മയുണ്ടോ? തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്താണ് അതിന്റെ പുരോഗതി? എത്രപേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കി? ഇക്കാര്യത്തില്‍ ഒരു പരസ്യസംവാദത്തിന് കുമ്മനം രാജശേഖരന്‍ തയ്യാറുണ്ടോ?

കാര്‍ഷികമേഖലയ്ക്ക് മുന്‍ഗണന നല്‍കുമെന്നും കര്‍ഷകര്‍ക്ക് 50 ശതമാനം ലാഭം ഉറപ്പാക്കുന്ന പദ്ധതികള്‍ ആരംഭിക്കുമെന്നും മോദി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? രാജ്യത്തെ ഇളക്കി മറിച്ച കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ മോദി ഭരണകാലത്താണ് നടന്നത്. ഒരു നേട്ടവും കര്‍ഷകര്‍ക്കോ കാര്‍ഷിക മേഖലയ്‌ക്കോ ഉണ്ടായിട്ടില്ല. മറിച്ച് അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി മാറുകയാണുണ്ടായത്. മോദി ഭരണത്തില്‍ കാര്‍ഷികമേഖലയ്ക്കുണ്ടായ പുരോഗതിയെക്കുറിച്ച് ഒരു പരസ്യസംവാദത്തിന് കുമ്മനം രാജശേഖരന്‍ തയ്യാറുണ്ടോ?

ഗംഗാ നദി ശുദ്ധീകരിക്കാന്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്തായി ആ പദ്ധതി? മോദി അധ്യക്ഷനായ നാഷണല്‍ ഗംഗാ കൌണ്‍സില്‍ ഒരു ദിവസം പോലും യോഗം ചേര്‍ന്നിട്ടില്ല എന്ന വിവരം പുറത്തു വന്നിട്ടുണ്ട്. നദീശുചീകരണത്തിലും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സമീപപ്രദേശത്തെ വീടുകളിലെ ടോയ്‌ലെറ്റ് നിര്‍മ്മാണം എന്നിവയിലും കാണിക്കുന്ന കുറ്റകരമായ കാലതാമസത്തിന്റെ പേരില്‍ സിഎജിയുടെ ശക്തമായ ശാസന ഏറ്റുവാങ്ങിയിട്ടും മോദിയ്ക്ക് ഒരു കുലുക്കവുമില്ല. മോദി സര്‍ക്കാരിന്റെ കാലത്ത് ഗംഗാ നദിയുടെ ശുചീകരണത്തിലുണ്ടായ പുരോഗതിയെക്കുറിച്ച് പരസ്യസംവാദത്തിന് കുമ്മനം രാജശേഖരന്‍ തയ്യാറുണ്ടോ?

മറക്കാനാവുമോ നോട്ടുനിരോധനം? കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും വ്യാജ നോട്ടുകള്‍ സമ്പൂര്‍ണമായി നിഷ്‌കാസനം ചെയ്യാനും ഭീകരത തുടച്ചുനീക്കാനുമുള്ള ഒറ്റമൂലിയായാണ് മോദിയും ബിജെപിയും നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തില്‍ എന്തുനേടിയെന്ന് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കുമ്മനം രാജശേഖരന്‍ മുന്നോട്ടു വരുമോ?

നൂറു സ്മാര്‍ട് സിറ്റികള്‍, ഗ്രാമങ്ങളുടെ വൈദ്യുതീകരണം, തുടങ്ങി പ്രകടനപത്രികയിലും പൊതുയോഗങ്ങളിലുമായി നടത്തിയ വീമ്പടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടല്ലേ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന അധ്യക്ഷനും ആ പാര്‍ടിയുടെ നോമിനിയായി ഗവര്‍ണര്‍ പദവി കരസ്ഥമാക്കുകയും ചെയ്ത കുമ്മനം രാജശേഖരന്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടത്.

തിരഞ്ഞെടുപ്പുകാലത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും ഗൌരവത്തിലെടുക്കുമോ എന്ന പരിഹാസ്യമായ ചോദ്യം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് എന്ന കാര്യം കൂടി കുമ്മനം രാജശേഖരനെ ഓര്‍മ്മിപ്പിക്കുന്നു. വോട്ടു നേടാന്‍ എന്തുപറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തോട് കുമ്മനം രാജശേഖരന്‍ യോജിക്കുന്നുണ്ടോ എന്ന കാര്യവും പരസ്യസംവാദത്തിനു വിഷയമാകേണ്ടതല്ലേ?

കേരളത്തെ സംബന്ധിച്ചാണെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ വേറെയുമുണ്ട് വിഷയങ്ങള്‍. പ്രളയകാലത്ത് കേരളത്തോടു ബിജെപി കാണിച്ച വിവേചനവും കൊടുംദ്രോഹവും ചര്‍ച്ച ചെയ്യാന്‍ കുമ്മനം രാജശേഖരനു ധൈര്യമുണ്ടോ? ആപദ്കാലത്ത് സുഹൃദ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം നിഷേധിക്കാന്‍ നടത്തിയ ഇടപെടലിനെക്കുറിച്ച്? സഹായം തേടി പ്രവാസി മലയാളികളെ സമീപിക്കാന്‍ മന്ത്രിമാരെ അനുവദിക്കാത്തതിനെക്കുറിച്ച്? പുനര്‍നിര്‍മ്മാണത്തിനുവേണ്ടി വാര്‍ഷിക വായ്പാപരിധിക്ക് പുറത്ത് വായ്പ എടുക്കാന്‍ അനുവാദം നിഷേധിച്ചതിനെക്കുറിച്ച്? ലോകബാങ്കില്‍ നിന്നും എ.ഡി.ബി.യില്‍ നിന്നും ഈ ഇനത്തില്‍ എടുക്കുന്ന വായ്പ സാധാരണഗതിയില്‍ അനുവദിക്കുന്ന വായ്പ തുകയില്‍ ഉള്‍പ്പെടുത്തണം എന്നു വാശിപിടിച്ചതിനെക്കുറിച്ച്?

പ്രളയക്കെടുതികളില്‍ നിന്ന് കരകയറാന്‍ കേരളത്തിന് അധികമായി ഒരു പണവും ലഭിക്കുകയില്ല എന്നുറപ്പാക്കാന്‍ അധികാരത്തിന്റെ ദുസ്വാധീനം ക്രൂരമായി പ്രയോഗിച്ച കേന്ദ്രസര്‍ക്കാരിനെ ഈ തെരഞ്ഞെടുപ്പില്‍ ഓരോ മലയാളിയും വിചാരണ ചെയ്യുകതന്നെ ചെയ്യും. ആത്മബലമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാകുന്ന ഒരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകണം.

ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. മര്‍മ്മപ്രധാനമായ ഈ വിഷയങ്ങള്‍ ശബരിമലയിലെ സുപ്രിംകോടതി വിധി ഉപയോഗിച്ച് മറച്ചു പിടിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. മോദിയുടെ ഭരണപരാജയവും കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടും സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകളുമൊക്കെ ശബരിമലയെന്ന ഒറ്റമൂലികൊണ്ട് പൊതുചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്താമെന്ന് ആഗ്രഹിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തിന്റെ ഉച്ചവെയിലില്‍ വിയര്‍ത്തു കുളിക്കുന്ന കാഴ്ച കേരളം കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here