പി ജെ ജോസഫ് ഇടുക്കിയില്‍ പൊതു സ്വതന്ത്രനായി മത്സരിച്ചേക്കും

പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം. ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്രനാക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചു വരുകയാണ്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മുസ്ലിംലീഗ് നേതൃത്വവുമായും മറ്റു ഘടകകക്ഷികളുമായും ആലോചിച്ചതിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.  കെ എം മാണിയുടെ കൂടി അനുമതി ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തേടും. അതേ സമയം ഇടുക്കിയില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ കെ എം മാണിയുടെയോ ജോസ് കെ മാണിയുടെയോ ഭാഗത്തുനിന്നും നീക്കമുണ്ടായാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ പി ജെ ജോസഫ് തീരുമാനമെടുത്തതായാണ് വിവരം.

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സമവായ നീക്കം.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇലക്കും മുള്ളിനും കേടില്ലാതെ കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.ഒരേ സമയം കെ എം മാണിയെയും പി ജെ ജോസഫിനെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഹാര മാര്‍ഗ്ഗമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതിനായി പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്രനാക്കാനുള്ള ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മുസ്ലിം ലീഗിന്റെ അഭിപ്രായവും കോണ്‍ഗ്രസ് നേതൃത്വം തേടും. അധിക സീറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചിരുന്നു.

എന്നാല്‍ പി ജെ ജോസഫിന് സീറ്റ് നല്‍കിയാല്‍ മുസ്ലിം ലീഗ് പ്രതിഷേധമുയര്‍ത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ് നേതൃത്യം ലീഗുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായും വിഷയം ചര്‍ച്ച ചെയ്‌തേക്കും. കെ എം മാണിയോടും അഭിപ്രായം തേടാനുള്ള സാധ്യതയുണ്ട്. ഹൈക്കമാന്റുമായും വിഷയം ചര്‍ച്ച ചെയ്യണം. പല തലങ്ങളിലെ അഭിപ്രായ സ്വരൂപണത്തിനു ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇടുക്കിയില്‍ കോണ്‍ഗ്രസിന് നല്ലൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താത്താനാകാത്തതും ഇത്തരമൊരു സാധ്യതയിലേക്ക് നേതാക്കളെ നയിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top