മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാത്തതെന്തെന്ന് ഹൈക്കോടതി

മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെങ്കില്‍ എന്ത് കൊണ്ടാണ് കേന്ദ്ര ഏജന്‍സിക്ക് നല്‍കാത്തതെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്ത് പോയിട്ടില്ലെന്ന് ഉറപ്പുണ്ടോയെന്നും കോടതി ചോദിച്ചു. നിലവിലെ അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം തുടരാന്‍ പോലീസിന് പരിമിതികളുണ്ടെന്നും കോടതി പറഞ്ഞു. കേസിലെ പ്രതികളായ ബോട്ടുടമ അനില്‍ കുമാര്‍, രവി സനൂപ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.
മുനമ്പത്തെ സംഭവം മനുഷ്യക്കടത്തല്ലെന്ന് പോലീസ് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഇതെങ്ങനെയാണ് പോലീസ് കണ്ടെത്തിയതെന്നും കോടതി ചോദിച്ചു. മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നുമാണ് പോലീസ് നേരത്തെ കോടതിയില്‍ അറിയിച്ചത്. കേസില്‍ അന്വേഷണ സംഘം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്‌സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ കൊച്ചി മുനമ്പത്തു നിന്നും ബോട്ടില്‍ കടല്‍മാര്‍ഗ്ഗം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here