പെരിയ കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ പേര് പരാമര്‍ശിക്കാതിരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചതെന്ന് ബിജെപി

പെരിയ കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ പേര് പരാമര്‍ശിക്കാതിരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചതെന്ന് ബിജെപി വക്താവ് എം എസ് കുമാര്‍. അഖിലേന്ത്യാ തലത്തില്‍ സിപിഐഎമ്മുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സഖ്യം കാത്തു സൂക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജനങ്ങളെ കബളപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും എം എസ് കുമാര്‍ പറഞ്ഞു.

കൊലപാതക രാഷ്ട്രീയം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തലസ്ഥാന നഗരിയടക്കം കേരളത്തില്‍ ലഹരി വ്യാപാരം വ്യാപകമായി നടക്കുന്നു. നഗരമധ്യത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്നും പ്രതികരണമുണ്ടാകാത്തത് പൊലീസ് സംവിധാനത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ്- എസ്ഡിപിഐ രഹസ്യ ചര്‍ച്ചയേയും എം എസ് കുമാര്‍ വിമര്‍ശിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ്-എസ്ഡിപിഐയുമായി ചര്‍ച്ച നടത്തുന്നതാണ്. ലീഗിനെ മുന്‍ നിര്‍ത്തിയാണ് ചര്‍ച്ച നടക്കാറുള്ളത്. അതിപ്പോള്‍ പരസ്യമായെന്നു മാത്രം. ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും എം എസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നാളെ ബിജെപി പാര്‍ളമെന്ററി ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ ചേരും. അതിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷനടക്കം യോഗത്തില്‍ പങ്കെടുക്കുമെന്നും എം എസ് കുമാര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top