മുസ്ലീം ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ച; അനുഭവങ്ങളില്‍ നിന്നും യുഡിഎഫ് ഒന്നും പഠിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

മുസ്ലീം ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവങ്ങളില്‍ നിന്നും യുഡിഎഫ് ഒന്നും പഠിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണയ്ക്കായിരുന്നു മുസ്ലീം ലീഗിന്റേയും എസ്ഡിപിഐയുടേയും കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എസ്ഡിപിഐയെ സഹായിക്കാനുള്ള പല നടപടികളും മുസ്ലീം ലീഗ് മുന്‍പും സ്വീകരിച്ചിട്ടുണ്ട്. എസ്ഡിപിഐയുടെ പ്രവര്‍ത്തനം ആര്‍എസ്എസിന് ബദലായി എന്ന നിലയിലേക്ക് വന്നപ്പോള്‍ അകല്‍ച്ച പാലിക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ മുസ്ലീം ലീഗ് ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കി. പൊതുവേദികളില്‍ മുസ്ലീം ലീഗ് അത് സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. എസ്ഡിപിഐ-മുസ്ലീം ലീഗ് കൂടിക്കാഴ്ചയോടെ അത് കൂടുതല്‍ വ്യക്തമായി.

വര്‍ഗീയതയോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനാകണം. എന്നാലേ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. എന്നാല്‍ യുഡിഎഫ് അതിനെതിരായ നടപടികളാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ടോം വടക്കനെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലീം ലീഗും എസ്ഡിപിഐയും തമ്മില്‍ കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം, ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകളെ തള്ളി മുസ്ലീം ലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top