തന്റെ കുടുംബത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്ന് ശശി തരൂര്‍

ബന്ധുക്കളുടെ ബിജെപി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ച തന്റെ ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണെന്നും കുടുംബത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം ആരോപണങ്ങളുമായി ബിജെപി രംഗത്തു വരുന്നത്. കോണ്‍ഗ്രസുകാര്‍ മാത്രമല്ല എല്ലാ പാര്‍ട്ടിക്കാരും കുടുംബത്തിലുണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ടെന്നും ഇന്നു നടന്ന ചടങ്ങിന്റെ ആവശ്യമെന്തെന്ന് ശ്രീധരന്‍ പിള്ളയോട് തന്നെ ചോദിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
കൊച്ചിയില്‍ ഇന്നു നടന്ന ചടങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കള്‍ അടക്കം പത്തുപേര്‍ക്കാണ് ബിജെപി അംഗത്വം നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് അംഗത്വം നല്‍കിയത്. പാര്‍ട്ടി അംഗത്വമെടുത്ത കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടെന്ന് തന്നെ വേദി വിടുകയായിരുന്നു.പിന്നീട് മാധ്യമങ്ങള്‍ ഇവരെ സമീപിച്ചപ്പോഴാണ് തങ്ങള്‍ നേരത്തെ തന്നെ ബിജെപിക്കാര്‍ ആയിരുന്നെന്നും പിന്നെ എന്തിനാണ് ബിജെപി ഇത്തരത്തില്‍ ഒരു അംഗത്വ വിതരണ ചടങ്ങ് നടത്തിയതെന്ന് അറിയില്ലെന്നും ഇവര്‍ പ്രതികരിച്ചത്.
മഹിളാ മോര്‍ച്ചാ ജില്ലാ നേതാവാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ പണ്ടേ ബിജെപിയിലാണെന്ന് ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭന ശശികുമാറാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് ചോദിക്കണമെന്നുമാണ് ശോഭന പറഞ്ഞത്. ശോഭനയ്ക്കും ഭര്‍ത്താവ് ശശികുമാറിനും ഉള്‍പ്പെടെയാണ് ബിജെപി ഇന്ന് അംഗത്വം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here