ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പി യില്‍ ചേര്‍ന്നു

ജനതാദള്‍(സെക്യുലര്‍) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ട് ബിഎസ്പിയില്‍ ചേര്‍ന്നു. ലക്‌നൗവില്‍ നടന്ന ചടങ്ങിലാണ് ഡാനിഷ് അലി ബി.എസ്.പി അംഗത്വം സ്വീകരിച്ചത്. ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ നേതൃത്വത്തിലാണ് ഡാനിഷ് അലിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ജെഡിഎസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ യാതൊരു പദവികളും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡാനിഷ് അലി പറഞ്ഞു. ദേവഗൗഡ പറയുന്നതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉത്തര്‍പ്രദേശിലേക്ക്  പ്രവര്‍ത്തനം കേന്ദ്രീകരിക്കണമെന്ന ആഗ്രഹത്താലാണ് ബിഎസ്പിയില്‍ എത്തിയിരിക്കുന്നതെന്നും  ഇതിന് ദേവഗൗഡയുടെ അനുമതി ലഭിച്ചിരുന്നതായും ഡാനിഷ് അലി വ്യക്തമാക്കി.

ബിഎസ്പിയില്‍ മായാവതി ഏല്‍പ്പിച്ചു തരുന്ന കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡാനിഷ് അലി ഉത്തര്‍പ്രദേശിലെ അംറോഹ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെ ഡി എസ് സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച നേതാവാണ് ഡാനിഷ് അലി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ ജെഡിഎസിനായി സീറ്റ് ചര്‍ച്ച നടത്തിയതും ഡാനിഷ് അലിയുടെ നേതൃത്വത്തിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷമായി ഡാനിഷ് അലി പാര്‍ട്ടി വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top