തുഷാര്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ്; സ്ഥാനാര്‍ത്ഥി നിര്‍ണയം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് എന്ന് കുമ്മനം രാജശേഖരന്‍. അത് ബിഡിജെഎസിന്റെ ആഭ്യന്തര കാര്യമാണ്. ബിഡിജെഎസ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യും. വെള്ളാപ്പള്ളി നടേശന്റെ അതൃപ്തി മാറ്റേണ്ടത് ബിഡിജെഎസ് ആണെന്നും കുമ്മനം ട്വന്റി ഫോറിനോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. എല്ലാക്കാര്യങ്ങളും തീരുമാനിക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണെന്നും കുമ്മനം പറഞ്ഞു.
എന്‍ഡിഎ സംയുക്തമായി കേരളത്തില്‍ പ്രചാരണം നടത്തും. നിരവധി സാംസ്‌കാരിക, ധാര്‍മ്മിക സംഘടനകള്‍ പിന്തുണയറിയിച്ചു ഒപ്പമുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ കടുത്ത ജനവികാരമാണ് ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇരു മുന്നണിക്കും ജന പിന്തുണ ഉണ്ടിയിരിക്കില്ല. ശബരിമല വിഷയം പ്രത്യേകമായി എടുത്തുപറയേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മറ്റ് ഏതൊരു വിഷയത്തെപ്പോലെയും ശബരിമലയും തെരഞ്ഞെടുപ്പില്‍ അലയടിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ-മുസ്ലീം ലീഗ് രഹസ്യ ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തോട് ആപല്‍ക്കരമായ സ്ഥിതിവിശേഷമാണതെന്ന് കുമ്മനം പറഞ്ഞു. തീവ്രസ്വഭാവമുള്ള സംഘടനകളുമായി ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ ചര്‍ച്ച നടത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അവര്‍ അത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്നും പിന്മാറണമെന്നും കുമ്മനം ഡല്‍ഹിയില്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here