Advertisement

വയനാട് വേണമെന്ന് സിദ്ധിഖും ഷാനിമോളും; നാല് സീറ്റുകളില്‍ ഇന്നും തീരുമാനമാകില്ല

March 17, 2019
1 minute Read

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കം രൂക്ഷം. ബാക്കിയുള്ള 4 സീറ്റുകളില്‍ തീരുമാനം വൈകും. വയനാട് ഇല്ലെങ്കില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ടി സിദ്ധിഖ് ഉറച്ചു നില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. ഇതേത്തുടര്‍ന്ന് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ കേരളത്തിലേക്കുള്ള മടക്കം നാളത്തേക്ക് മാറ്റി. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയില്‍ എത്തും. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും നാല് സീറ്റുകളിലെ സ്ഥാനാത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ.

വയനാട്, വടകര, ആലപ്പുഴ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. ഇതില്‍ വയനാട് സീറ്റിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. വയനാട് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ടി സിദ്ധിഖിനൊപ്പം ഷാനിമോള്‍ ഉസ്മാനും രംഗത്തുണ്ട്. വയനാട് ഐ ഗ്രൂപ്പിന്റെ പരമ്പരാഗത മണ്ഡലമാണെന്നും അവിടെ എ ഗ്രൂപ്പുകാരനായ സിദ്ധിഖിനെ മത്സരിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഐ ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നു. വടകരയില്‍ സിദ്ധിഖിന് മികച്ച ജനപിന്തുണ ലഭിക്കുമെന്നും അദ്ദേഹത്തെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായവും ഐ ഗ്രൂപ്പ് ഉന്നയിച്ചു. എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന നിലപാടില്‍ സിദ്ധിഖ് ഉറച്ചു നില്‍ക്കുകയായിരുന്നു. വയനാട്ടില്‍ സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് എ ഗ്രൂപ്പും ഉന്നയിക്കുന്നത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സിദ്ധിഖിന് വേണ്ടി ശക്തമായി വാദിച്ചതായാണ് വിവരം.

Read more: ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം; കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റിനെതിരെ പരാതി

ആലപ്പുഴ മണ്ഡലത്തിലേക്ക് കെ സി വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍ രംഗത്തെത്തിയതോടെ അടൂര്‍ പ്രകാശ്, പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവരുടെ പേരാണ് പരിഗണിച്ചത്. ഇതില്‍ അടൂര്‍ പ്രകാശിനെ പിന്നീട് ആറ്റിങ്ങലിലേക്ക് പരിഗണിക്കുകയും ചെയ്തു. എന്നാല്‍ അടൂര്‍ പ്രകാശിനെ ഈഴവ സമവാക്യം പരിഗണിച്ച് ആലപ്പുഴയിലേക്ക് മാറ്റാനുള്ള ചര്‍ച്ചയും നടക്കുന്നതായാണ് വിവരം. വടകരയില്‍ ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്ക് പരിഗണിച്ചാല്‍ ആറ്റിങ്ങലില്‍ ആരെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.

പന്ത്രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തൃശൂരില്‍ ടി എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കാസര്‍ഗോഡെയും എറണാകുളത്തേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്ത് തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സിറ്റിങ് എം പി കെ വി തോമസ് പരസ്യമായി രംഗത്തെത്തി. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് ഡിസിസി നേതാക്കളും രംഗത്തെത്തിയിരുന്നു. കെ സുബയ്യറായിയെയാണ് കാസര്‍ഗോഡ് പരിഗണിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേര് പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top