ഒടുവില്‍ കെ വി തോമസ് നിലപാട് മയപ്പെടുത്തി; താന്‍ കോണ്‍ഗ്രസുകാരന്‍, പാര്‍ട്ടി വിടില്ല

എറണാകുളം സീറ്റിന്റെ പേരില്‍ ഇടഞ്ഞുനിന്ന കെ വി തോമസ് എം പി ഒടുവില്‍ വഴങ്ങി. താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരാനാണ് തീരുമാനം. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. എറണാകുളത്ത് പ്രചരണത്തിനിറങ്ങും. ഹൈബി ഈഡന്റെ വിജയം സുനിശ്ചിതമാണെന്നും കെ വി തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ രണ്ടാംവട്ട കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കെ വി തോമസ് നിലപാട് മയപ്പെടുത്തിയത്. പി സി ചാക്കോയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെ വി തോമസുമായി ചര്‍ച്ച നടത്തും.
Read more: ‘എന്നെ കറിവേപ്പിലയാക്കാൻ ആകില്ല, പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം’ : കെവി തോമസ്
പ്രശ്‌നപരിഹാരത്തിന് സോണിയ ഗാന്ധി ഇടപെട്ടു. പാര്‍ട്ടിയില്‍ തുടരാനാണ് ആവശ്യപ്പെട്ടത്. സോണിയയുടെ ഉറപ്പ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. പാര്‍ട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. സ്ഥാനമാനങ്ങള്‍ കണ്ടല്ലപാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കും. പ്രത്യേക സാഹചര്യത്തിലാണ് താന്‍ പ്രതിഷേധിച്ചത്. സീറ്റു ലഭിക്കാത്തതിലല്ല, തന്നോടുള്ള സമീപനത്തിലാണ് പ്രതിഷേധം. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ല. ബിജെപിയിലേക്ക് പോകുന്നതിന് അവര്‍ ഒരു വാഗ്ദാനവും വെച്ചുനീട്ടിയില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
രമേശ് ചെന്നിത്തലയും താനും ഒന്നിച്ചു വളര്‍ന്നവര്‍. പരസ്പരം ക്ഷോഭിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. തന്റെ വിഷമങ്ങള്‍ അദ്ദേഹത്തോട് പറയുകയാണ് ചെയ്തതെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ കെ വി തോമസ് ക്ഷോഭിച്ചിരുന്നു. എന്തിനാണീ നാടകം എന്നും നിങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു ഓഫറും വേണ്ടെന്നും കെ വി തോമസ് പറഞ്ഞിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.
കെ വി തോമസുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ചര്‍ച്ചയുടെ വിശദാശംങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായിരുന്നില്ല. കെ വി തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ വലുതാണെന്നുമൊക്കെയുള്ള സാധാരണ പ്രതികരണങ്ങള്‍ മാത്രമായിരുന്നു ചെന്നിത്തല മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അതില്‍ നിന്നും ചര്‍ച്ച പാളിയെന്ന വാര്‍ത്തകള്‍ പരന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാനും തയ്യാറായില്ല. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു. അതിനിടെ കെ വി തോമസ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here