എസ്ഡിപിഐ സഹായത്തേക്കാള്‍ ഭേദം മുസ്ലീം ലീഗ് പിരിച്ചുവിടുന്നതാണെന്ന് മുനീര്‍

എസ്ഡിപിഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം മുസ്ലീം ലീഗ് പിരിച്ചുവിടുന്നതാണെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. ആരെങ്കിലും വഴിയെ പോകുമ്പോള്‍ കൈ പിടിച്ച് കുലുക്കിയാല്‍ പോകുന്നതല്ല ലീഗിന്റെ ആദര്‍ശമെന്നും മുനീര്‍ പറഞ്ഞു. ആര്‍.എസ്.എസിനെ എതിര്‍ക്കുന്നത് പോലെ തന്നെ എസ്ഡിപിഐയെയും മുസ്ലീം ലീഗ് എതിര്‍ക്കും. പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ യുമായി ഒന്നിച്ച് ഭരിക്കുന്നവരാണ് സി.പി.എം. ആ ബന്ധം ആദ്യം അവസാനിപ്പിച്ചിട്ട് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ വ്യക്തമാക്കി.
ലീഗ് നേതാക്കളും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുമായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് വെച്ച് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായി എസ്ഡിപിഐ നേതാക്കളെ കണ്ടുമുട്ടിയതാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്.
അതേ സമയം മുനീറിന്റെ പരാമര്‍ശത്തിനെതിരെ എസ്ഡിപിഐ രംഗത്തെത്തി. എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെങ്കില്‍ ലീഗ് പണ്ടേ പിരിച്ചു വിടേണ്ടിവരുമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. ലീഗ് നേതാക്കള്‍ പലരും എംഎല്‍എ ആയ മുന്‍കാല ചരിത്രം മറക്കരുത്. അച്ഛന്‍ ആനപ്പുറത്ത് ഇരുന്നതിന്റ തഴമ്പ് മകനുണ്ടാവില്ലെന്ന് മുനീര്‍ ഓര്‍ക്കണം.
ലീഗിനു വന്നിരിക്കുന്ന ഗതികേട് ദേശീയ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയോടും ഇ ടി മുഹമ്മദ് ബഷീറിനോടും ചോദിക്കുന്നത് നന്നായിരിക്കും. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് ഇപ്പോള്‍ കുപ്രചാരണം നടത്തുന്നത്. മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ ലീഗ് വിയര്‍ക്കുമെന്നും അബ്ദുള്‍ ഹമീദ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here