എസ്ഡിപിഐ -പോപ്പുലർ ഫ്രണ്ട് -മുസ്‌ലീം ലീഗ്‌ രഹസ്യചർച്ച; ആരോപണം നിഷേധിച്ച് ലീഗ്; രാഷ്ട്രീയ ചർച്ചയെന്ന് എസ്ഡിപിഐ

മുഹമ്മദ് ബഷീറിന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂടിക്കാഴ്ച്ച യുഡിഎഫിന്റെ അറിവോടെയല്ലെന്നും പാണക്കാട് പറഞ്ഞു. മുതിർന്ന നേതാക്കളുടെ കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ തന്നെ മത്സരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടന്നത് രാഷ്ട്രീയ ചർച്ചയെന്ന് പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പടക്കം ചർച്ച ചെയ്‌തെന്നും പൊന്നാനിയിൽ മുസ്ലീം ലീഗ് സഹായം അഭ്യർത്ഥിച്ചില്ലെന്നും കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗ് പൊന്നാനിയിൽ വർഗീയത കളിക്കുകയാണെന്ന് പി.വി അൻവർ. എസ്.ഡി.പി.ഐയുമായി മുസ്ലീം ലീഗ് ചർച്ച നടത്തിയത് സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ്. ഇടതു മുന്നണിയെ തോൽപ്പിക്കാൻ ആർ.എസ്.എസുമായും മുസ്ലീം ലീഗ് കൂട്ടുകൂടും. പൊന്നാനിയിൽ പരാജയ ഭീതിയിൽ എന്തും ചെയ്യുമെന്ന അവസ്ഥയിൽ മുസ്ലീം ലീഗ് എത്തിയെന്നും പി വി അൻവർ പറഞ്ഞു.

Read Also : എസ്ഡിപിഐ നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രഹസ്യ കൂടിക്കാഴ്ച; ദൃശ്യങ്ങള്‍ പുറത്ത്

കൊണ്ടോട്ടി കെടിഡിസി ഹോട്ടലിൽ വെച്ചു നടത്തിയ ചർച്ചയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പങ്കെടുത്തു. എന്നാൽ ചർച്ച നടത്തിയിട്ടില്ലന്നും അവിചാരിതമായി കണ്ടുമുട്ടിയതാണെന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവരുമായി മുസ്‌ളീം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ചർച്ചയിൽ പങ്കെടുത്തത്. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ വെച്ച് രാത്രിയായിരുന്നു ചർച്ച. നേതാക്കൾ ഓരോരുത്തരായി ഹോട്ടൽ എത്തുന്നതിന്റെയും ഒരു മണിക്കൂറിന് ശേഷം പുറത്ത് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലീഗുമായി ചർച്ച നടത്തിയെന്നും സ്വാഭാവിക തെരഞ്ഞെടുപ്പ് വിഷയമാണ് സംസാരിച്ചതെന്നും മറ്റ് വോട്ട് രാഷ്ട്രീയ കാര്യങ്ങളല്ലെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി 24 നോട് പറഞ്ഞു.

Read Also : മുതലാഖ് ബില്ല് പരാജയപ്പെടുത്താൻ മുസ്ലീം ലീഗ് മുൻകൈ എടുക്കും; കുഞ്ഞാലിക്കുട്ടി

എന്നാൽ എസ്ഡിപിഐയുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും ഒരു പൊതുയിടത്ത് വെച്ച് അവിചാരിതമായി കണ്ടുമുട്ടിയതാണെന്നുമാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. പൊന്നാനിയിൽ തോൽവി ഭയന്നാണ് എസ്ഡിപിഐI പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് കൂടിക്കാഴ്ച നടത്തിയതെന്നും ലീഗിന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രതികരിച്ചു. പൊന്നാനി മണ്ഡലത്തിലെ രാഷ്ട്രീയമാണ് ചർച്ച നടത്തിയെതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉണ്ടായ ആരോപണം ലീഗിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top