പ്രിയങ്കാ ഗാന്ധിയുടെ ‘ഗംഗാ യാത്ര’ തുടങ്ങി

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര തുടങ്ങി. പ്രയാഗ് രാജ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെയുള്ള 140 കിലോമീറ്ററാണ് പ്രിയങ്ക ഗംഗയിലൂടെ സഞ്ചരിക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ നദീതീരത്തുള്ള ജനങ്ങളുമായി പ്രിയങ്ക സംവദിക്കും.

പ്രയാഗ് രാജിലെ മാനൈയ ഘാട്ട് മുതല്‍ മുതല്‍ വരാണസിയിലെ അസി ഘാട്ട് വരെയുള്ള നൂറ്റി നാല്‍പത് കിലോമീറ്റര്‍ ദൂരമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സാഞ്ചി ബാത്ത് പ്രിയങ്ക കെ സാത്ത് എന്ന് പേരിട്ടിരിക്കുന്ന യാത്രക്കിടയില്‍ ബോട്ടില്‍ വെച്ച് തന്നെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി പ്രിയങ്ക സംവദിക്കും. പൂര്‍വികരും മുന്‍ പ്രധാനമന്ത്രിമാരുമായ ജവഹര്‍ലാല്‍ നെഹ്‌റു,ഇന്ദിരാഗാന്ധി എന്നിവരുടെ ജന്മദേശത്ത് നിന്നാണ് പ്രിയങ്ക യാത്ര തുടങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. കുംഭ മേള നടക്കുന്ന സംഗത്തിലെത്തി ഗംഗാ പൂജ നടത്തിയ ശേഷമാണ് യാത്രക്ക് തുടക്കം കുറിച്ചത്.

ഗംഗാ ശൂചികരണത്തിലെ പാളിച്ചകള്‍, നദീ തീരത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം യാത്രക്കിടയില്‍ ചര്‍ച്ചയാക്കാനാണ് പ്രിയങ്ക ഉദ്ദേശിക്കുന്നത്. ഗംഗയുടെ തീരത്തുള്ള ആരാധനാലയങ്ങളും സന്ദര്‍ശിക്കും. ഇന്ന് മനൈയ ഘാട്ടില്‍ നിന്ന് യാത്ര ആരംഭിച്ച് നാല് മണിയോടെ ബദോഹി ജില്ലയിലെ സീതാമാഷി ഘാട്ടില്‍ യാത്ര അവസാനിക്കും. ഗംഗയോടുള്ള ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ വൈകാരിക ബന്ധം കണക്കിലെടു ത്താണ്‌ പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം നദിയിലൂടെ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബി ജെ പിക്കുള്ള മറുപടി കൂടിയാണിത്. ഗംഗാ തീരത്തുള്ള ദളിത് വിഭാഗങ്ങളിലേക്ക് വേഗത്തില്‍ ഇറങ്ങിച്ചെല്ലാനുള്ള  വഴിയായാണ് ഗംഗാ യാത്ര കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗംഗാ ശുചീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ്ണ വിജയം കണ്ടില്ലെന്ന വിമര്‍ശനമുന്നയിക്കുന്നതോടെ അദ്ദേഹത്തെ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെതിര്‍ക്കാമെന്നും കോണ്‍ഗ്രസ് ഇതിലൂടെ കണക്ക് കൂട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top