ലൈംഗിക പീഡനം; പത്രാധിപരെ മാധ്യമപ്രവര്‍ത്തക തലക്കടിച്ചുകൊന്നു

ലൈംഗിക പീഡനം സഹിക്കവയ്യാതെ പത്രാധിപരെ മാധ്യമപ്രവര്‍ത്തക തലക്കടിച്ചുകൊന്നു. ഇന്ത്യ അണ്‍ബൗണ്ട് മാസികയുടെ പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയേയും പ്രിന്റിങ് ജീവനക്കാരനേയും പൊലീസ് അറസ്റ്റു ചെയ്തു. ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് കൊലപാതകമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

മാര്‍ച്ച് 15 മുതല്‍ നിത്യാനന്ദിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയനുസരിച്ച് പൊലീസ് നടത്തിയ അന്വേഷത്തില്‍ പാണ്ഡേയുടെ മൃതദേഹം താനെയിലെ ഭീവാണ്ടിയിലെ പുഴയോരത്ത് കണ്ടെത്തിയിരുന്നു. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതി മാധ്യമപ്രവര്‍ത്തക അങ്കിത മിശ്രയാണെന്ന് വ്യക്തമായി. സതീഷ് ഉമാശങ്കര്‍ മിശ്ര എന്ന പ്രിന്റിങ് ജീവനക്കാരനും കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ അങ്കിത കുറ്റം സമ്മതിച്ചു. രണ്ട് വര്‍ഷമായി തുടരുന്ന ലൈംഗികപീഡനം സഹിക്കാനാവാതെയാണ് പാണ്ഡേയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അങ്കിത പൊലീസിനോട് പറഞ്ഞു. മൂന്നു വര്‍ഷമായി ഇന്ത്യാ ബൗണ്ടില്‍ ജോലി ചെയ്തു വരികയായിരുന്നു അങ്കിത.

ശീതളപാനീയത്തില്‍ മയക്ക് മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊലപാതകം. തുടര്‍ന്ന് മൃതദേഹം പുഴയില്‍ ഒഴുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top