ഗ്രൂപ്പിസത്തെ വിമര്‍ശിക്കാന്‍ സുധീരന് അവകാശമില്ല, ഇത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം; എപി അബ്ദുള്ളക്കുട്ടി

abdullakutty

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഗ്രൂപ്പ് തർക്കവും വാക്പോരും തുടരുന്നു. കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ പരസ്യമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടി രംഗത്തെത്തി. ഫെയ്സ് ബുക്കിലൂടെയായിരുന്നു വിമര്‍ശനം.  കോൺഗ്രസിലെ ഗ്രൂപ്പിസത്തെ വിമർശിക്കാൻ സുധീരന് അവകാശമില്ലെന്നും അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണിതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ വിമർശനം. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെയും പരോക്ഷമായി വിമർശിക്കുന്നുണ്ട്.

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കാരണം ചില സീറ്റുകളിൽ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിനെ വി.എം സുധീരൻ കഴിഞ്ഞ ദിവസങ്ങളില്‍ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ ഐ ഗ്രൂപ്പില്‍നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍, ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശിക്കണ്ട‘ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്. അനവസരത്തിലുള്ള പോസ്റ്റാണെന്നും പിന്‍വലിക്കുന്നതാണ് ഉചിതമെന്നും വി ടി ബൽറാം കമന്റിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും പോസ്റ്റ് പിൻവലിച്ചിട്ടില്ല. പോസ്റ്റ് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം സഹിക്കുന്നില്ലെന്ന് അബ്ദുല്ലക്കുട്ടി കമന്റിൽ മറുപടി നല്‍കിയിട്ടുമുണ്ട്.

എ ഗ്രൂപ്പിലുണ്ടായിരുന്ന സതീശന്‍ പാച്ചേനിയെ സുധാകരന്‍ ഗ്രൂപ്പിലെത്തിച്ച് ഡിസിസി പ്രസിഡന്റ് പദവി നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂര്‍ നിയോജക മണ്ഡലം പാച്ചേനിക്കു കൊടുത്തപ്പോള്‍ അബ്ദുല്ലക്കുട്ടിയെ സിപിഎം കോട്ടയായ തലശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇത്തവണയും അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചില്ല. കുറച്ച് കാലമായി കോണ്‍ഗ്രസില്‍ അവഗണന നേരിട്ടതോടെയാണ് സുധീരനെതിരേയെന്ന പേരില്‍ കെ സുധാകരനെയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയും പരോക്ഷമായി വിമര്‍ശിച്ചു അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top