കലാഭവന്‍ മണിയുടെ ദുരൂഹ മരണം; നുണപരിശോധന ഇന്നു മുതല്‍

കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്നും നാളെയുമായി നുണപരിശോധന നടത്തും. മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്നവരെയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. എറണാകുളത്തെ സിബിഐയുടെ ഓഫീസിലാണ് നുണപരിശോധന നടക്കുക.

മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം ജി വിപിന്‍, സുഹൃത്ത് സി എ അരുണ്‍ എന്നിവരെ ഇന്നും കെ സി മുരുകന്‍, അനില്‍കുമാര്‍ എന്നിവരെ നാളെയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. സിനിമ താരങ്ങളായ, സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരേയും നുണപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നുണപരിശോധയ്ക്ക് സന്നദ്ധരാണെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു.

കലാഭവന്‍ മണി മരിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. 2016 മാര്‍ച്ച് ആറിനാണ് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം രംഗത്ത് എത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ചാലക്കുടി തീരത്തുള്ള പാഡിയില്‍ കലാഭവന്‍ മണിയോടൊപ്പം ഉണ്ടായിരുന്നവര്‍ക്ക് എതിരായാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആദ്യം രംഗത്തെത്തിയത്. അതിന് പിന്നാലെ മണിയുടെ മാനേജര്‍ക്ക് എതിരെയും പരാതിയുമായി രാമകൃഷ്ണന്‍ എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top