Advertisement

ഡല്‍ഹിയില്‍ ആം ആദ്മി സഖ്യം കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കുമെന്ന് ഷീല ദീക്ഷിത്

March 19, 2019
Google News 1 minute Read
rahul gandhi

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സഖ്യത്തില്‍ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് രംഗത്ത്. സഖ്യം കോണ്‍ഗ്രസിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും താന്‍ സഖ്യത്തിന് എതിരാണെന്നും ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഡല്‍ഹിയിലെ പതിനാല് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍മാരില്‍ 13 പേരും എഎപി സഖ്യം വേണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഷീല ദീക്ഷിത് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സഖ്യത്തിന് താന്‍ എതിരാണെന്ന നിലപാടാണ് യോഗത്തിലും ഷീല ദീക്ഷിത് ആവര്‍ത്തിച്ചത്.

അതേ സമയം ഡല്‍ഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സഖ്യ ചര്‍ച്ചകള്‍ക്കായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എ എ പി നേതാവ് സഞ്ജയ് സിംഗുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചു. യുപിഎ ഘടക കക്ഷിയെന്ന നിലയിലാണ് ശരത് പവാര്‍ സഖ്യത്തിനായി ചര്‍ച്ചയില്‍ ഇടപെട്ടിരിക്കുന്നത്.

ഏഴ് സീറ്റുകളുള്ള ഡല്‍ഹിയില്‍ മൂന്ന് വീതം സീറ്റുകളില്‍ ഇരു പാര്‍ട്ടികളും ഒരു സീറ്റില്‍ പൊതു സ്വതന്ത്രനെയും സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. നേരത്തെ ഡല്‍ഹിയില്‍ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സഖ്യം വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ സഖ്യമായി മത്സരിച്ചാല്‍ മികച്ച വിജയം നേടാമെന്ന് ഭൂരിഭാഗം ആളുകളും പ്രതികരിച്ചതിന് പിന്നാലെയാണ് സഖ്യ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here