ശ്രീധരന്‍പിള്ളയുടെ പ്രസംഗം പുറത്തുവിട്ട സംഭവം; യുവമോര്‍ച്ച ഐടി സെല്‍ കണ്‍വീനറെ പുറത്താക്കി

‘സുവര്‍ണ്ണാവസര പരാമര്‍ശ’ വിവാദത്തില്‍ പുറത്താക്കല്‍. ശബരിമല സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസംഗം പുറത്ത് വിട്ടെന്ന പേരില്‍ യുവമോര്‍ച്ച സംസ്ഥാന ഐടി സെല്‍ കണ്‍വീനര്‍ അഭിലാഷിനെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കി. യുവമോര്‍ച്ച സംസ്ഥാന ഘടകത്തിന്റെ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നാണ് ആരോപണം.

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അടുത്തിടെ നടന്ന പരിവര്‍ത്തന യാത്രയില്‍ കെ സുരേന്ദ്രന് അനുകൂലമായി യുവമോര്‍ച്ച പേജ് ഉപയോഗിച്ചതിന് അഭിലാഷിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ സമരം ബിജെപി ആസൂത്രണപ്രകാരമായിരുന്നുവെന്നും തങ്ങള്‍ക്കു വീണുകിട്ടിയ രാഷ്ട്രീയ സുവര്‍ണാവസരമാണതെന്നുമായിരുന്നു കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞത്. ആചാരലംഘനമുണ്ടായാല്‍ ശബരിമല നടയടച്ചിടുമെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത് താനുമായി ആശയവിനിമയം നടത്തിയ ശേഷമാണെന്നുമായിരുന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിന്റെ വീഡിയോ അഭിലാഷ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇത് മാധ്യമങ്ങളില്‍ വന്നതോടെ ശ്രീധരന്‍പിള്ളക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് പറഞ്ഞത് ശ്രീധരന്‍പിള്ള മാറ്റിപ്പറയുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top