സീറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദം; സിനഡ് യോഗം പൂര്‍ത്തിയായി

സീറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദം ചർച്ച ചെയ്യാൻ ചേർന്ന സ്ഥിരം സിനഡ് പൂർത്തിയായി. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ വ്യാജരേഖാ കേസിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് അടിയന്തര സ്ഥിരം സിനഡ് ചേർന്നത്. ബിഷപ്പ് ജേക്കബ് മനത്തോടത്തും യോഗത്തിൽ പങ്കെടുത്തു. വിഷയം പരിശോധിക്കാൻ മാർ മാത്യു മൂലക്കാട്ടിനെ ചുമതലപ്പെടുത്തി. പരാതി നൽകിയതിൽ പിഴവുണ്ടോയെന്ന് അന്വേഷിക്കും. കേസ് പിൻവലിക്കാൻ ആലോചന നിയമ വിദഗ്ദരുമായി വിഷയം ചർച്ച ചെയ്യും.
എറണാകുളം- അങ്കമാലി അതിരൂപതാ അപ്പസ്തേലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ വ്യാജരേഖാ ക്കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപമാനിക്കാൻ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്ന പരാതിയിൽ ബിഷപ്പ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും ഫാദർ പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. സഭയുടെ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാദർ ജോബി മാപ്രക്കാവിലാണ് പരാതി നൽകിയത്.
വ്യാജരേഖാ വിവാദം സീറോ മലബാർ സഭയിൽ കടുത്ത ആഭ്യന്തര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭുമിയിടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്ന പരാതിയിലാണ് ഫാദർ പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പിന്നാലെ പരാതിക്കാരനായ ഫാദർ ജോബി മാപ്രക്കാവിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.
വ്യാജരേഖ ചമയ്ക്കലുൾപെടെയുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരി സാമ്പത്തീക കുറ്റകൃത്യം നടത്തിയെന്ന് സ്ഥാപിക്കാൻ വ്യാജ ബാങ്ക് രേഖകളുണ്ടാക്കി ആലഞ്ചേരിയെ സിനഡിന് മുന്നിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. വ്യാജ രേഖ ഫാദർ പോൾ തേലക്കാട്ട് മാർ ജേക്കബ് മനത്തോടത്ത് വഴി സിനഡിന് മുന്നിൽ ഹാജരാക്കിയെന്നായിരുന്നു പരാതിക്കാരന്റെ മൊഴി. വിവാദം കൊഴുത്തതോടെ സഭ അടിയന്തര സ്ഥിരം സിനഡ് യോഗം ചേർന്നു. സിനഡിന് സ്വകാര്യമായി ലഭിച്ച രേഖകൾ ഉപയോഗിച്ച് പരാതി നൽകിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കാൻ യോഗത്തിൽ ധാരണയായി.
ബിഷപ്പിനെ പ്രതി ചേർത്തതോടെ പരാതി പിൻവലിക്കുന്ന കാര്യവും ആലോചിക്കും. ഇക്കാര്യത്തിൽ നിയമോപദേശം തേടും. അതേ സമയം ബിഷപ്പിനെയും ഫാദർ പോൾ തേലക്കാടിനെയും കേസിൽ കുടുക്കാൻ ഗുഡാലോചന നടന്നുവെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ആരോപിക്കുന്നത്. ഭൂമി വിവാദത്തിന്റെ തുടർച്ചയായുള്ള പ്രതികാര നടപടിയാണിതെന്നും വൈദികർ വാദിക്കുന്നു.
അതേ സമയം കർദ്ദിനാൾ ജോർജ് ആഞ്ചേരിക്ക് അക്കൗണ്ടില്ലാത്ത ബാങ്കിന്റെ പേരിൽ 26 ലക്ഷത്തിന്റെ വ്യാജരേഖ തയ്യാറാക്കിയതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here